ഖത്തറിന് വീണ്ടും മുന്നറിയിപ്പുമായി യുഎഇ; സഹകരണത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഉപരോധം വര്‍ഷങ്ങള്‍ നീളും

single-img
20 June 2017

അബുദാബി: ഖത്തര്‍ തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഉപരോധം വര്‍ഷങ്ങള്‍ നീളുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്. വിദേശ നയത്തിലും അയല്‍ രാജ്യങ്ങളുമായുള്ള സഹകരണത്തിലുമുള്ള ഖത്തറിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണം. അതല്ല, വികലമായ രാഷ്ട്രീയ നിലപാട് കൊണ്ട് ഒറ്റപ്പെടാനാണ് അവരുടെ തീരുമാനമെങ്കില്‍ അങ്ങനെ തുടരട്ടെ. പക്ഷേ അത് മാറുന്നതുവരെ ഉപരോധം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിഷേധത്തിന്റെയും കോപത്തിന്റെയും സമീപനം അവര്‍ മാറ്റിയില്ലെങ്കില്‍ മറ്റു രാജ്യങ്ങളും തങ്ങളുടെ നിലപാട് തന്നെ സ്വീകരിക്കുമെന്നും മുഹമ്മദ് ഗര്‍ഗാഷ് പറഞ്ഞു. പാരീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിനെതിരായ പരാതികളുടെ പട്ടിക ഉടന്‍ തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ പുറത്തു വിടും. അതോടെ ഖത്തറിന് പുറത്തു വരേണ്ടി വരും. ഇതിനായി കുവൈറ്റ് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ഫലപ്രദമാണ്. എന്നാല്‍ അല്‍ഖ്വായിദ, മുസ്ലീം ബ്രദര്‍ ഹുഡ് എന്ന തീവ്രവാദ സംഘടനകളുമായി ഖത്തറിനുള്ള ബന്ധമാണ് ഏറ്റവും വലിയ ആശങ്കയെന്നും അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് വ്യക്തമാക്കി.