പാകിസ്താന്‍ ഒത്തുകളിച്ചു; ആരോപണവുമായി മുന്‍ ക്യാപ്ടന്‍ ആമിര്‍ സൊഹൈല്‍

single-img
16 June 2017

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ പാകിസ്താന്‍ പ്രവേശിച്ചത് ഒത്തുകളിച്ചാണെന്ന ആരോപണവുമായി മുന്‍ ക്യാപ്ടന്‍ ആമിര്‍ സൊഹൈല്‍. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലാണ് ഒത്തുകളി നടന്നതായി ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ സൊഹൊല്‍ തുറന്നു പറഞ്ഞത്. കളിയില്‍ മഹത്തരമായ പ്രകടനങ്ങളൊന്നും പുറത്തെടുക്കാതെ തന്നെയാണ് സര്‍ഫറാസിന്റെ ടീം ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

കളത്തിന് പുറത്തു ശക്തമായ കളി നടന്നിട്ടുണ്ടെന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ടീമിനു സന്തോഷിക്കാനുള്ള വകയുള്ളതായി കാണുന്നില്ല. എന്താണ് സംഭവിച്ചതെന്നത്് കളി കണ്ട എല്ലാവര്‍ക്കും അറിയാം. മത്സര ശേഷം ടീം പതിവ് ആഹ്ലാദം പ്രകടിപ്പിക്കാതിരുന്നതും ഇക്കാരണങ്ങള്‍ കൊണ്ടാണ്. കളിയുടെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാനോ ആരാണ് കളി ജയിച്ചതെന്ന് പറയാനോ ആഗ്രഹിക്കുന്നില്ല. ഇനിയെങ്കിലും നല്ല ക്രിക്കറ്റ് കളിക്കുന്നതില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ ശ്രദ്ധിക്കുകയാണ് പാക് കളിക്കാര്‍ ചെയ്യേണ്ടതെന്നും ആമിര്‍ സൊഹൈല്‍ പറഞ്ഞു.

പാകിസ്താന്‍ മുന്‍ ക്യാപ്ടന്‍ ജാവേദ് മിയാന്‍ദാദും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സൊഹൈലിന്റെ ആരോപണം നിഷേധിക്കാനോ അനുകൂലിക്കാനോ മിയാന്‍ദാദ് തയ്യാറായില്ല. ഒത്തുകളിയുടെ പേരില്‍ മുമ്പും പാക് താരങ്ങള്‍ പ്രതികൂട്ടില്‍ നിന്നിട്ടുണ്ട്. മുഹമ്മദ് ആമിറും മുഹമ്മദ് ആസിഫും സല്‍മാന്‍ ബട്ടും ഒത്തുകളിയുടെ പേരില്‍ പിടിക്കപ്പെട്ടിരുന്നു. 2010 ലെ ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ ഒത്തുകളിച്ചതിനെ തുടര്‍ന്ന് മൂന്ന് പാക് താരങ്ങള്‍ക്കെതിരെ ഐസിസി നടപടിയെടുത്തിരുന്നു. ഞായറാഴ്ച ഓവലില്‍ ഇന്ത്യയെയാണ് പാകിസ്താന്‍ ഫൈനലില്‍ നേരിടുന്നത്.