മലക്കം മറിഞ്ഞ് അമേരിക്ക; ഖത്തറിനെതിരായ നടപടി മയപ്പെടുത്തണം: വെട്ടിലായി സൗദിയും സഖ്യരാജ്യങ്ങളും

single-img
10 June 2017

ഖത്തറിനെതിരായ നടപടികള്‍ മയപ്പെടുത്തണമെന്ന് സൗദിയോടും സഖ്യരാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടു. യാത്ര, വ്യാപാരം എന്നീ മേഖലകളിലെ ഉപരോധം സാധാരണ ജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നതിനാലാണ് നടപടി മയപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറയുന്നു. സാധാരണക്കാരുടെ ദുരിതവും വ്യാപാരത്തിലുണ്ടാകുന്ന ഇടിവും യുഎസിന്റെറ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ടെന്നും ടില്ലേഴ്‌സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഥാനി, ടില്ലേഴ്‌സണുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള ബന്ധം പൂര്‍ണമായി വിഛേദിച്ചതുമുതല്‍ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഖത്തര്‍ പൗരന്മാര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെടുകയും അവരുടെ നയതന്ത്രകാര്യാലയം പൂട്ടുകയും ചെയ്തിരുന്നു. ഖത്തര്‍ എയര്‍വേസ് വഴി ടിക്കറ്റ് എടുത്തവര്‍ അടിയന്തരമായി അവരുടെ ഓഫിസിലെത്തിയോ വെബ്‌സൈറ്റ് വഴിയോ ഇത് റദ്ദാക്കണമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അമേരിക്കയുടെ മലക്കം മറിയില്‍. അമേരിക്കയ്ക്ക് വേണ്ടിയായിരുന്നു ഖത്തറിനെതിരെ സൗദിയും മറ്റ് രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയത്. ഇക്കാര്യം തന്റെ സൗദി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്രംപ് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഗള്‍ഫ് രാജ്യങ്ങടക്കം ഒട്ടേറെ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും യുഎഇ വ്യോമമേഖലയിലൂടെ കടന്നുപോകുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. അതുമൂലം ഇന്ത്യയില്‍നിന്നടക്കമുള്ള യാത്രക്കാര്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു.