കുംബ്ലെ പരിശീലകനായി തുടര്‍ന്നേക്കും; കൊഹ്‌ലിയും കുംബ്ലെയും വിട്ടുവീഴ്ചക്ക് തയ്യാര്‍

single-img
9 June 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പരിശീലകനെന്ന നിലയില്‍ കുംബ്ലെയുടെ ട്രാക്ക് റെക്കോഡ് അവഗണിക്കുന്നതിനോട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിക്കും ബിസിസിഐയിലെ ഭൂരിപക്ഷ അംഗങ്ങള്‍ക്കും യോജിപ്പില്ല. ടീമിന്റെ പരിശീലകനെ നായകന്‍ നിശ്ചയിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് അംഗങ്ങള്‍ വിലയിരുത്തി. കൊഹ്‌ലിയും കുംബ്ലെയും വിട്ടുവീഴ്ചക്ക് തയ്യാറായാല്‍ അത് ടീമിനെ സംബന്ധിച്ചിടത്തോളം ഗുണകരമായ കാര്യമാണെന്നും ബിസിസിഐയിലെ ഭൂരിപക്ഷ അംഗങ്ങളും വന്യക്തമാക്കി. ഈ സാഹചര്യത്തില്‍ കുംബ്ലെ തുടര്‍ന്നേക്കും എന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവര്‍ അംഗങ്ങളായ ഉപദേശക സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. കുംബ്ലെയും നായകന്‍ കൊഹ്‌ലിയും തമ്മില്‍ സാരമായ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും സമവായത്തിന്റെ സാധ്യത പരമാവധി ആരായുന്നതിനോടാണ് ഉപദേശക സമിതി അംഗങ്ങള്‍ക്കും താത്പര്യം. ഈ സാഹചര്യത്തില്‍ കുംബ്ലെയും കൊഹ്‌ലിയും ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ മാത്രമെ പുതിയ കോച്ചിനെ തേടുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.