ഇന്ത്യന്‍ ടീമിന്റെ കോച്ചാകാന്‍ അപേക്ഷിച്ചവരില്‍ വീരുവും; രണ്ട് വരി അപേക്ഷ കണ്ട് ഞെട്ടി ബിസിസിഐ

single-img
6 June 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷിച്ചവരില്‍ മുന്‍ താരം വീരേന്ദര്‍ സേവാഗും. വെറും രണ്ട് വരിയിലാണ് താരം തന്റെ റെസ്യുമെ അയച്ചിരിക്കുന്നത്. ‘ഐ പി എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ മെന്ററും കോച്ചുമാണ്. ഇപ്പോഴത്തെ കുട്ടികളുടെ കൂടെ കളിച്ചിട്ടുണ്ട്-ഇതാണ് സേവാഗിന്റെ റെസ്യുമെ. എന്നാല്‍ അപേക്ഷയ്ക്കൊപ്പം വിശദമായ സി.വി സമര്‍പ്പിക്കാന്‍ സേവാഗിനോട് ആവശ്യപ്പെടുമെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇത് ആദ്യമായാണ് സേവാഗ് പരീശീലകനുള്ള ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നത്. സേവാഗിന് പുറമെ നിലവിലെ പരീശീലകനായ അനില്‍ കുംബ്ലെ, മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും സണ്‍റൈസേഴ്സ് ടീമിന്റെ പരീശീലകനായ ടോം മൂഡി, ഇംഗ്ലീഷ് താരം റിച്ചാര്‍ഡ് പിബാസ്, മുന്‍ ഇന്ത്യന്‍ താരം ദോദ ഗണേഷ്, ആഭ്യന്തര താരം ലാല്‍ചന്ദ് രാജ്പുത് എന്നിവരും ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്.

ബി.സി.സി.ഐയിലെ ജനറല്‍ മാനേജര്‍മാരില്‍ ഒരാള്‍ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് സേവാഗ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയത്. സച്ചിന്‍, സേവാഗ്, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയ മുന്‍ താരങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നടത്തുന്നത്.

മൂന്ന് താരങ്ങളും നിലവില്‍ ഇംഗ്ലണ്ടിലാണുള്ളത്. ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തിന്റെ കമന്ററി പറയുന്നതിന് ഇംഗ്ലണ്ടിലായിരുന്ന സേവാഗ് നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. സേവാഗിനെ ഇവര്‍ സ്‌കൈപ്പിലൂടെ അഭിമുഖം ചെയ്യും.