പരിസ്ഥിതി ദിനത്തില്‍ മാതൃകയായി യുഎഇ; 43 പ്രദേശങ്ങള്‍ സംരക്ഷിതമായി പ്രഖ്യാപിച്ചു

single-img
5 June 2017

ദുബൈ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യു.എ.ഇ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം രാജ്യത്തെ 43 പ്രദേശങ്ങള്‍ സംരക്ഷിതമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 14 ശതമാനത്തിലധികം വരുന്ന പ്രദേശങ്ങളാണ് സംരക്ഷിതമായി പ്രഖ്യാപിച്ചത്. കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. ഥാനി ആല്‍ സയൂദിയാണ് പ്രഖ്യാപനം നടത്തിയത്. വികസന സമ്മര്‍ദങ്ങള്‍ക്കിടയിലും പരിസ്ഥിതി പ്രദേശങ്ങളെ സംരക്ഷിക്കുന്ന യു.എ.ഇ ‘ജനങ്ങളെ പ്രകൃതിയുമായി കൂട്ടിയിണക്കൂ’ എന്ന പരിസ്ഥിതി ദിനാചരണ പ്രമേയം അന്വര്‍ഥമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ ബനിയാസ്, റാസ് അല്‍ ഖോര്‍ തുടങ്ങിയ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളും വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളും സംരക്ഷിക്കുന്നതും ഭാവിതലമുറക്കായി കാത്തുവെക്കുന്നതും രാജ്യം ദൗത്യമായി കരുതുന്നു. പരിസ്ഥിതിക്ക് മേലുള്ള സമ്മര്‍ദം കുറക്കാന്‍ ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ സുസ്ഥിര ജീവിത ശൈലി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

രാഷ്ട്രവും പ്രകൃതിയും തമ്മിലുള്ള ബന്ധം നമ്മുടെ പരിഗണനകളുടെ പ്രധാനപ്പെട്ട ഭാഗമാണ്. ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന സമഗ്ര വികസനനവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മനുഷ്യനും പ്രകൃതിക്കും ഇടയിലെ നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ യു.എ.ഇ ശ്രദ്ധ പുലര്‍ത്തുന്നു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച യു.എ.ഇ വിഷന്‍ 2021 ഇക്കാര്യമാണ് പ്രതിഫലിപ്പിക്കുന്നത്. പ്രകൃതിലോലമായതും ചരിത്രപ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ സംരക്ഷണം നല്‍കാന്‍ രാഷ്ട്രം അതിയായി പരിശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.