ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി കോഹ്ലി; സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കിയത് യുവരാജിന്റെ ബാറ്റിംഗ്

single-img
5 June 2017

പാക്കിസ്ഥാനെ തോല്‍പ്പിച്ചതിനു പിന്നാലെ ടീം അംഗങ്ങളെ പ്രശംസിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മത്സരത്തിന്റെ വിജയത്തില്‍ ഓരോ താരങ്ങളും അവരവരുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ കോഹ്‌ലി നിര്‍ണായകമായത് യുവരാജ് സിംഗിന്റെ ഇന്നിംഗ്‌സാണെന്നും വ്യക്തമാക്കി. രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടപ്പെട്ടതിനു ശേഷം തനിക്കുമേല്‍ ഉണ്ടായിരുന്ന സമ്മര്‍ദങ്ങള്‍ അത്രയും ഇല്ലാതാക്കുന്ന തരത്തിലായിരുന്നു യുവരാജിന്റെ ബാറ്റിംഗ്.

യോര്‍ക്കറുകളെ പോലും ഗാലറിയിലെത്തിച്ച യുവരാജിന്റെ കളിമികവ് തന്നെ അത്ഭുതപ്പെടുത്തി. മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കെല്‍പുള്ള താരമാണ് യുവരാജെന്ന് കോഹ്‌ലി പറഞ്ഞു. ബാറ്റിംഗില്‍ ഇന്ത്യയുടേത് സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ്. എന്നാല്‍ ഫീല്‍ഡിംഗില്‍ ടീം ഇനിയും മെച്ചപ്പെടാനുണ്ട്.

ഫീല്‍ഡിംഗ് കൂടി മെച്ചപ്പെടുത്തിയാല്‍ ചാമ്പ്യന്‍സ് ട്രോഫി നേടാനാകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. ബാറ്റിംഗിലും ബൗളിംഗിലും മികവ് പ്രകടിപ്പിച്ച മുഴുവന്‍ താരങ്ങളെയും പേരെടുത്ത് പ്രശംസിച്ച കോഹ്‌ലി സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ ഒഴിവാക്കിയതിന്റെ കാരണവും വ്യക്തമാക്കി. പാക് താരങ്ങള്‍ സ്പിന്നിനെ മികച്ച രീതിയില്‍ നേരിടുന്നവരാണെന്നും അങ്ങനെയുള്ളപ്പോള്‍ ഫാസ്റ്റ് ബൗളറെ കളിപ്പിക്കുകയാണ് ഉചിതമെന്ന് തോന്നിയതിനാലാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും കോഹ്ലി പറഞ്ഞു.