സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈ വര്‍ഷത്തെ ഇസ്ലാമിക വ്യക്തിത്വം

single-img
4 June 2017

ദുബൈ: ഈ വര്‍ഷത്തെ ഇസ്ലാമിക വ്യക്തിത്വ പുരസ്‌ക്കാരത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അര്‍ഹനായി. ഇസ്ലാമിനും ലോക മുസ്ലിം സമൂഹത്തിനും നല്‍കി വരുന്ന സേവനങ്ങള്‍ക്ക് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് സംഘാടക സമിതിയാണ് പുരസ്‌കാരം നല്‍കുന്നത്. കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ഒരുക്കിയ സൗകര്യങ്ങളും പരിശുദ്ധ ഗേഹങ്ങളിലെ സന്ദര്‍ശകര്‍ക്ക് അളവറ്റ സേവനങ്ങളും നല്‍കുന്ന സല്‍മാന്‍ രാജാവിന് അര്‍ഹിക്കുന്ന അംഗീകാരമാണിതെന്ന് അവാര്‍ഡ് സമിതി ചെയര്‍മാനും ദുബൈ ഭരണാധികാരിയുടെ സാംസ്‌കാരിക ഉപദേഷ്ടാവുമായ ഇബ്രാഹിം ബു മില്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരിശുദ്ധ ഖുര്‍ആന്റെ കല്‍പനക്കനുസൃതമായ സേവനങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ ആണ് ഓരോ വര്‍ഷവും പത്തു ലക്ഷം ദിര്‍ഹത്തിന്റെ പുരസ്‌കാരം സമ്മാനിക്കുക. 70 ബൃഹദ് ഗ്രന്ഥങ്ങളെഴുതുകയും 200 ലേറെ ജീവകാരുണ്യ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന 96 വയസ് പിന്നിട്ട ഇമറാത്തി പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അലി ബിന്‍ അല്‍ ശൈഖ് അബ്ദുറഹ്മാന്‍ സുല്‍ത്താന്‍ അല്‍ ഉലമക്കായിരുന്നു കഴിഞ്ഞ വര്‍ഷം പുരസ്‌കാരം .