റമദാനില്‍ ജിദ്ദ മക്ക എക്‌സ്പ്രസ് റോഡില്‍ തിരക്കേറുന്നു; കര്‍ശന നിരീക്ഷണമൊരുക്കി സുരക്ഷസേന

single-img
4 June 2017

ജിദ്ദ: മക്കയിലേക്കുള്ള റോഡുകളിലെല്ലാം റമദാന്‍ എത്തിയതോടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിന്റേയും അപകടം ഒഴിവാക്കുന്നതിന്റെയും ഭാഗമായി എക്‌സ്പ്രസ് റോഡുകളില്‍ താതാക്കാലിക ചെക്ക് പോയിന്റുകള്‍ ഒരുക്കിയിരിക്കുകയാണ് സുരക്ഷ സേന. അമിതവേഗതയില്‍ വാഹനമോടിക്കുന്നത് തടയാന്‍ നിരീക്ഷണ കേന്ദ്രങ്ങളും ഇത്തരത്തിലുള്ളവരെ പിടികൂടാന്‍ ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുമായി പോകുന്ന ട്രക്കുകളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്ന് റോഡ് സുരക്ഷ ദൗത്യ സേന മേധാവി പറഞ്ഞു.

ജിദ്ദ മക്ക എക്‌സ്പ്രസ് റോഡില്‍ മക്കയിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം ഏകദേശം 80000 കവിഞ്ഞു. റമദാനിലെ ആദ്യത്തെ അഞ്ച് ദിവസങ്ങളിലാണ് ഇത്രയും വാഹനങ്ങള്‍ മക്കയിലേക്ക് എത്തിയത്. മക്കയിലേക്ക് എത്തുന്ന പ്രധാന റോഡുകളില്‍ ഏറ്റവും തിരക്കുള്ള റോഡാണിത്. പിന്നീട് ഏറ്റവും തിരക്ക് കൂടുതല്‍ മദീന മക്ക റോഡിലാണ്.