ടൈംസ് നൗ ‘ടൈംസ് കൗ’ ആയി: കേരളത്തെ പാക്കിസ്ഥാനാക്കിയ ചാനലിനു മലയാളികളുടെ പൊങ്കാല

single-img
3 June 2017

കേരളത്തെ ഇടിമുഴങ്ങുന്ന പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ച ടൈംസ് നൗ ചാനലിനു ഫേസ്ബുക്കിലും ട്വിറ്ററിലും മലയാളികളുടെ വക പൊങ്കാല. സഭ്യമായതും അല്ലാത്തതുമായ ഭാഷയിൽ ആയിരക്കണക്കിനു മലയാളികളാണു ടൈംസ് നൗവിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. എഴുത്തുകാരൻ എൻ എസ് മാധവനടക്കമുള്ള പലരും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്.

 

ഇന്നലെ രാവിലെ ഒൻപത് മണിയുടെ ന്യൂസ് ബുള്ളറ്റിനിൽ, ബി ജെ പി പ്രസിഡന്റ് അമിത് ഷായുടെ കേരള സന്ദർശനം റിപ്പോർട്ട് ചെയ്യുന്നതിനിടെ സ്ക്രീനിൽ പ്രദർശിപ്പിച്ച ക്യാപ്ഷനിലാണു ടൈംസ് നൗ ചാനൽ കേരളത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ചത്. ബീഫ് വിഷയത്തിൽ പ്രതിഷേധങ്ങൾ ഉയരുന്ന കേരളത്തിലേയ്ക്ക് അമിത് ഷാ പോകുന്നുവെന്നതിനു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള റിപ്പോർട്ടിൽ അമിത് ഷായുടെ സന്ദർശനത്തെ “ഇടിമുഴങ്ങുന്ന പാക്കിസ്ഥാനിലേയ്ക്ക്” (Heads to thundery Pakistan)  എന്നാണു ടൈംസ് നൗ വിശേഷിപ്പിച്ചത്.

ഇ വാർത്തയാണു ഇതു വാർത്തയായി ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്നു സോഷ്യൽ മീഡിയയും മറ്റുമാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ രോഷാകുലരായ മലയാളികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.

ഉത്തരേന്ത്യൻ ഭക്ഷണച്ചട്ടങ്ങൾക്കെതിരേ പ്രതിഷേധിച്ചതിനു ഒരു ഇന്ത്യൻ സംസ്ഥാനത്തെ ശത്രുരാജ്യമായി ചിത്രീകരിച്ച ചാനലിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് സമൂഹ മാധ്യമങ്ങളിലെ മലയാളികൾ ഒന്നടങ്കം പറയുന്നു. രാഷ്ട്രീയ ജാതിമതഭേദമന്യേ എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടെങ്കിലും കുറച്ചു സംഘപരിവാർ അനുഭാവികൾ ചാനലിനു പിന്തുണയുമായി രംഗത്തുണ്ട്.

ഫേസ്ബുക്കിലും ട്വിറ്ററിലും #TimesCow, #ApologiseTimesNow, #BullshitTimesNow തുടങ്ങിയ ഹാഷ്ടാഗുകൾ ട്രെൻഡിംഗ് ആണു. അമിത് ഷായുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് മലയാളികൾ തുടങ്ങിയ #AlavalathiShaji എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആയി തുടരുന്നതിനിടെയാണു പുതിയ വിവാദം.

ഗൂഗിൾ പ്ലേ സ്റ്റോറിലെ ടൈംസ് നൗവിന്റെ ആപ്പ് മലയാളികൾ കൂട്ടമായി റിവ്യൂ ചെയ്ത് അതിന്റെ റേറ്റിംഗ് 4-ൽ നിന്നും 3.8 ആയി കുറച്ചിട്ടുണ്ട്.

ഇതിനിടെ ചാനലിന്റേതെന്നവകാശപ്പെട്ട് ഒരു പശ്ചാത്താപക്കുറിപ്പും പ്രചരിക്കുന്നുണ്ട്. കേരളം എന്നു ടൈപ്പ് ചെയ്തത് തെറ്റി പാക്കിസ്ഥാൻ എന്നായി എന്നാണു കുറിപ്പിലെ വിശദീകരണം.

കേരളത്തെയാകെ ആക്ഷേപിച്ച ചാനലിന്റെ നടപടിയ്ക്കെതിരേ മുഖ്യമന്ത്രി പരാതി നൽകണമെന്ന ആവശ്യവും ശക്തമാണു.