കശാപ്പിനു നിരോധനമില്ല, കേരളത്തില്‍ ഭരണം കിട്ടിയാലേ തൃപ്തിയാകൂ: അമിത് ഷാ

single-img
3 June 2017

രാജ്യത്ത് കന്നുകാലികളുടെ കശാപ്പ് നിരോധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളാണു സർക്കാർ കൊണ്ടുവന്നതെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എൻഡിഎ സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുന്നതിനിടെയാണു അമിത്ഷാ ഇങ്ങനെ പറഞ്ഞത്.

കശാപ്പിനു വേണ്ടിയുള്ള കന്നുകാലി വിൽപന നിയന്ത്രണത്തെക്കുറിച്ചു പല ഘടകകക്ഷി നേതാക്കളും ആശങ്ക അറിയിച്ചപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം. കേരള ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

കേന്ദ്ര സ്ഥാപനങ്ങളിലെ പദവികൾ പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം ഘടകകക്ഷി നേതാക്കൾക്ക് ഉറപ്പു നൽകി. സ്ഥാനമാനങ്ങൾക്കു വേണ്ടി അനിശ്ചിതമായി കാത്തിരിക്കാനാവില്ലെന്നു ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു പറഞ്ഞു. പദവി ചോദിച്ചു നേതാക്കളുടെ പിന്നാലെ നടക്കാനാവില്ല. മറ്റു ഘടകകക്ഷികളും സമാനമായ നിലപാടാണു യോഗത്തിൽ സ്വീകരിച്ചത്.

യോഗത്തിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ബിജെപി നേതാക്കളായ ഒ.രാജഗോപാൽ എംഎൽഎ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ഘടകകക്ഷി നേതാക്കളായ പി.സി. തോമസ്, എ.എൻ. രാജൻ ബാബു, കുരുവിള മാത്യൂസ്, എം.എൻ. ഗിരി തുടങ്ങിയവർ പങ്കെടുത്തു.

മറ്റു സംസ്ഥാനങ്ങളിലെല്ലാം വിജയിച്ചാലും കേരളത്തില്‍ ഭരണം കിട്ടിയാലേ തൃപ്തിയാകൂ എന്നാണു  അമിത് ഷാ, കലൂര്‍ എ.ജെ. ഹാളില്‍ നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ബി.ജെ.പി. ജന പ്രതിനിധികളുടെ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ അഭിപ്രായപ്പെട്ടത്.

“പാര്‍ട്ടിക്കും എനിക്കും സംതൃപ്തിയുണ്ടാകുന്നത് ബിജെപി സര്‍ക്കാര്‍ കേരളത്തിലും അധികാരത്തില്‍ വരുമ്പോഴാണ്.
കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പതിനാല് ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നിങ്ങള്‍ എത്രത്തോളം അക്രമങ്ങള്‍ നടത്തുന്നുവോ അത്രത്തോളം ശക്തമായി താമര വിരിയും,” അമിത് ഷാ പറഞ്ഞു.

യോഗത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആയിരത്തോളം ജന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കുടിവെള്ള സംരക്ഷണത്തിനുള്ള ബി.ജെ.പി.യുടെ ജലസ്വരാജ് പദ്ധതിയുടെ വെബ് സൈറ്റ് ഉദ്ഘാടനവും ചടങ്ങില്‍ അമിത് ഷാ നിര്‍വഹിച്ചു.

മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണു അമിത് ഷാ കേരളത്തിലെത്തിയത്.