ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിന് വിജയ തുടക്കം, ബംഗ്ലാദേശിനെ തോല്‍പിച്ചത് എട്ട് വിക്കറ്റിന്

single-img
2 June 2017


ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് റണ്‍ ഒഴുകുന്ന പിച്ചില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. സെഞ്ചുറി നേടിയ തമീം ഇക്ബാല്‍ (128), അര്‍ധസെഞ്ചുറി നേടിയ മുഷ്ഫിക്കര്‍ റഹിം (79) എന്നിവരുടെ മികച്ച ബാറ്റിങ്ങില്‍ ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.2 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.  129 പന്തില്‍ 133 റണ്‍സ് നേടി ബംഗ്ലാദേശ് ബൗളര്‍മാരെ തകര്‍ത്തെറിഞ്ഞ ജോ റൂട്ടിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് സ്വന്തം മണ്ണില്‍ തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്.

ജേസല്‍ റോയി ഇംഗ്ലണ്ട് ബാറ്റിങ്ങിന് കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയപ്പോള്‍ അര്‍ധ സെഞ്ചുറി നേടി ഓപ്പണര്‍ അലക്‌സ് ഹെയില്‍സും (86 പന്തില്‍ 98), പുറത്താകാതെ 61 പന്തില്‍ 75 റണ്‍സുമായി ഇയോണ്‍ മോര്‍ഗനും ജോറൂട്ടിന് മികച്ച പിന്തുണ നല്‍കി.  10 ഓവറില്‍ 59 റണ്‍സ് വഴങ്ങി ബംഗ്ലാദേശ് ബാറ്റിങ്ങ് നിരയിലെ നാലു വിക്കറ്റുകള്‍ പിഴുതെറിഞ്ഞ ലിയാം പ്ലങ്കറ്റ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തു.

 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെതിരെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയെങ്കിലും ബൗളര്‍മാര്‍ പരാജയപ്പെട്ടത് ബംഗ്ലാദേശിന് വെല്ലുവിളിയാകുകയായിരുന്നു. ലണ്ടനിലെ കെന്നിങ്ടണ്‍ ഓവല്‍ ഗ്രൗണ്ടില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു.