ഐപിഎല്‍ ഫൈനല്‍ ഇന്ന്; ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ആദ്യമായി ഫൈനലിലെത്തിയ റൈസിംഗ് പൂന സൂപ്പര്‍ ജയ്ന്റും ഏറ്റുമുട്ടും

single-img
21 May 2017

ഹൈദരാബാദ്: ഐപിഎല്‍ പത്താം സീസണിലെ കലാശപ്പോരാട്ടത്തിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ആദ്യമായി ഫൈനലിലെത്തിയ റൈസിംഗ് പൂന സൂപ്പര്‍ ജയ്ന്റും മഹാരാഷ്ട്ര ഡെര്‍ബിയില്‍ ഹൈദരാബാദില്‍ ഏറ്റുമുട്ടും. ഈ സീസണില്‍ ഇതു നാലാം തവണയാണ് ഇരുവരും മുഖാമുഖം വരുന്നത്. മൂന്നു മത്സരങ്ങളിലും പൂനയ്ക്കായിരുന്നു ജയം. അവസാന മത്സരത്തില്‍ കിരീടത്തോടെ മൂന്നു മത്സരങ്ങളിലെ തോല്‍വിക്കു മറുപടി നല്‍കാനാണ് മുംബൈ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനുശേഷം സ്റ്റീവന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള പൂന തുടക്കത്തിലെ വീഴ്ചകള്‍ക്കുശേഷം മികച്ച പ്രകടനത്തിലൂടെ ഫൈനലിലേക്കു കുതിച്ചെത്തി.

ഒരു കളിക്കാരനെ മാത്രം ആശ്രയിക്കാതെ ടീം ഒന്നടങ്കം നടത്തുന്ന പ്രകടനമാണ് പൂനയ്ക്കു ജയമൊരുക്കുന്നത്. മുംബൈക്കാണെങ്കില്‍ പകരംവീട്ടേണ്ടതായുണ്ട്. ഈ സീസണില്‍ മുംബൈയെ രണ്ടു തവണ തോല്‍പ്പിച്ച ടീമാണ് സൂപ്പര്‍ജയന്റ്. ലീഗിലെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി മുംബൈ ആദ്യ ക്വാളിഫയറില്‍ പൂനയോടു തോറ്റു. പിന്നീട് രണ്ടാം ക്വാളിഫയറില്‍ ബൗളര്‍മാരുടെ മികവില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചു ഫൈനലിലെത്തി. മുംബൈയുടെ നിലവിലെ ടീമിലെ ഒട്ടുമിക്ക കളിക്കാരും ഐപിഎല്‍ ഫൈനല്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്.