കോക്ലിയാര്‍ ഇപ്ലാന്റേഷന്‍ ശസ്ത്രക്രിയ വിജയം കുഞ്ഞു ജോണിനിപ്പോള്‍ അമ്മയുടെ വിളി ‘കേട്ട്’ ഓടിയെത്താം

single-img
18 May 2017

കൊച്ചി: ജന്മനാ കേള്‍വി ശക്തിയില്ലാതിരുന്ന കുഞ്ഞു ജോണ്‍പോളിനിപ്പാള്‍ എല്ലാം കേള്‍ക്കാം..അമ്മ സുനിതയുടെ ‘മോനേ’ എന്ന വിളിയിപ്പോള്‍ അവന്റെ മുഖത്ത് അമ്പരപ്പുണ്ടാക്കുന്നില്ല…. അതുപോലെ തനിക്കു ചുറ്റുമുള്ള ശബ്ദങ്ങളോട് പൊരുത്തപ്പെട്ട് മെല്ലെ പ്രതികരിച്ചു വരികയാണ്‌ ജന്മനാ കേള്‍വി ശക്തിയില്ലാതിരുന്നിട്ടും കോക്ലിയാര്‍ ഇംപ്ലാന്റ് വഴി കേള്‍വി ശക്തി തിരിച്ചുകിട്ടിയ ജോണ്‍പോള്‍.

മുളന്തുരുത്തി നെയ്‌ശ്ശേരി വീട്ടില്‍ സുനിലിന്റെയും സുനിതയുടെയും മകനായ ജോണ്‍പോളിന് ജനിച്ചപ്പോള്‍ തന്നെ 80 ശതമാനം കേള്‍വി ശക്തിയില്ലായിരുന്നു. പക്ഷേ ജോണിന് കേള്‍വി ശക്തിയില്ലെന്ന് മാതാപിതാക്കള്‍തിരിച്ചറിഞ്ഞത് അവന് ഒരു വയസ്സുള്ളപ്പോഴാണ്. കോക്ലിയാര്‍ ഇംപ്ലാന്റ് വഴി കേള്‍വിശക്തി തിരിച്ചെടുക്കുകയായിരുന്നു ഏക പോംവഴി.

തുടര്‍ന്ന് സുമനസ്സുകളുടെ സഹായത്തോടെ ഇടപ്പള്ളിയിലെ കിംസ് ആശുപത്രിയില്‍ ബെലാറ്ററല്‍ കോക്ലിയാര്‍ ഇപ്ലാന്റേഷന്‍ സര്‍ജറി നടചത്തുകയായിരുന്നു. ഡോ. പ്രമോദ് ചിറയ്ക്കല്‍, അനസ്‌തെറ്റിസ്റ്റ്, ഡോ.രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് ജോണിനെ ബൈലാറ്ററല്‍(ഇരു ചെവി) കോക്ലിയാര്‍ ഇംപ്ലാന്റേഷനു വിധേയമാക്കിയത്. കേള്‍വിശക്തി നിര്‍ണ്ണയിക്കുന്ന ആന്തരിക കര്‍ണ്ണത്തിലെ കോക്ലിയാര്‍ വ്യവസ്ഥയുടെ ഞരമ്പുകളെ ഉദ്ദീപിപിക്കുന്ന ഇലക്ട്രേണിക് സംവിധാനമാണ് കോക്ലിയാര്‍ ഇംപ്ലാന്റ്. ശക്തിയേറിയ ശ്രവണ സഹായി ഉപയോഗിച്ചാല്‍ പോലും കേള്‍വി ശക്തിയില്ലാത്ത ബധിരരായ കുട്ടികളില്‍ പോലും ശബ്ദസംവേദനം സാധ്യമാക്കാന്‍ കഴിയുന്നവയാണ് ഇത്തരം ഇംപ്ലാന്റുകളെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശസ്്ത്രക്രിയ പൂര്‍ണ്ണ വിജയമാണോ എന്ന് മുന്നു മാസത്തിനു ശേഷമേ കൃത്യമായി പറയാനാവുകയുള്ളൂ. മാത്രമല്ല രണ്ടുവര്‍ഷത്തോളം ജോണിന് സ്പീച്ച് തെറാപ്പി തുടരേണ്ടിയും വരും.