കണ്ണൂർ കൊലപാതകം: അടിയന്തിരനടപടി വേണമെന്നു മുഖ്യമന്ത്രിയോട് ഗവർണ്ണർ

single-img
14 May 2017

കണ്ണൂരിൽ ഒരിടവേളയ്ക്കുശേഷം നടന്ന രാഷ്ട്രീയകൊലപാതകത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നു അടിയന്തിരനടപടിയുണ്ടാകണമെന്നു മുഖ്യമന്ത്രിയോട് ഗവർണ്ണർ പി സദാശിവം ആവശ്യപ്പെട്ടു. ഒ. രാജഗോപാൽ എംഎൽഎയുടെ നേത‍ൃത്വത്തിലുള്ള ബിജെപി സംഘം നൽകിയ നിവേദനം കൈമാറിക്കൊണ്ടുള്ള കുറിപ്പിലാണു മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഗവർണർ ആവശ്യപ്പെട്ടത്.

‘വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുക. അസ്വസ്ഥത ഉളവാക്കുന്ന ഇത്തരം സംഭവങ്ങൾക്ക് അറുതി വരുത്തി, സമാധാനം ആഗ്രഹിക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് മാതൃകാപരമായ സന്ദേശം നൽകണം’ എന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നത്. സാധാരണനിലയിൽ ‘ആവശ്യമായ നടപടിക്ക്’ എന്ന ഔപചാരികമായ കുറിപ്പോടെയാണു ഇത്തരം നിവേദനങ്ങൾ ഗവർണ്ണർ സർക്കാരിനു കൈമാറുക. എന്നാൽ ഇത്തവണ അൽപ്പം കൂടി രൂക്ഷമായ ഭാഷയിൽ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണു കുറിപ്പെഴുതിയിരിക്കുന്നത് എന്നത് വ്യക്തമാണു.

സർവകക്ഷി യോഗം വിളിച്ച് അനുരഞ്ജനത്തിലെത്തിയ ശേഷം വീണ്ടും കണ്ണൂരിൽ അശാന്തി പടരുന്നതു സംബന്ധിച്ച് കേന്ദ്രത്തിന് ഗവർണർ വിശദമായ റിപ്പോർട്ട് കൈമാറുമെന്നും സൂചനയുണ്ട്.

സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പാ നിയമം കണ്ണൂർ ജില്ലയിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഗവർണർക്കു ബിജെപി രാജ്ഭവനിലെത്തി നിവേദനം നൽകിയത്.