Featured

‘സൗഹൃദ കൂടാരം’ സഹജീവി സ്‌നേഹത്തിന്റെ നല്ല പാഠവുമായി ഒരു പറ്റം യുവാക്കള്‍

സൗഹൃദ കൂടാരം എന്ന സോഷ്യല്‍ മീഡിയ ഗ്രുപ്പിലൂടെ ജീവിത യാത്രയില്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ സഹജീവി സ്‌നേഹത്തിന്റെ നല്ല പാഠവുമായി എത്തിയിരിക്കുകയാണ് ഒരു പറ്റം യുവാക്കള്‍. സ്വന്തം ജീവിത സുഖങ്ങള്‍ക്കിടയിലും മറ്റുള്ളവര്‍ക്കു വേണ്ടി കൂടി പ്രവര്‍ത്തിക്കണമെന്നുള്ള ഒരു പറ്റം പ്രവാസി സുഹൃത്തുക്കളാണ് ഈ ചാരിറ്റി ഗ്രൂപ്പിനു പിന്നിലുള്ളത്.

പ്രവാസത്തിന്റെ കയ്പുനീരിലും തങ്ങളുടെ അധ്വാനത്തിന്റെ ഒരു ഭാഗം നീക്കിവെച്ചുകൊണ്ട് തന്റെ ചുറ്റുമുള്ളവരുടെ കൂടെ വേദനയില്‍ പങ്കു ചേരുകയാണിവര്‍. ജീവിതത്തില്‍ ആശ്രയവും പ്രതീക്ഷയും കൈവിട്ട് നില്‍ക്കുന്നവര്‍ക്ക് ഒരു സഹായവുമായി എത്തുന്ന ഈ കൂട്ടായ്മയില്‍ നൂറ്റമ്പതോളം അംഗങ്ങളാണുള്ളതിപ്പോള്‍.

പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകം തന്നെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള നിരവധി പേരുടെ ജീവിതത്തിലേക്ക് സഹായവുമായി എത്തിച്ചേരാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ആശ ഭവനിലെ 160 അന്തേവാസികള്‍ക്ക് 3 നേരം ഭക്ഷണവും, ഓരോ ജോഡി വസ്ത്രവും നല്‍കിയാണ് ‘സൗഹൃദ കൂടാരം’ തങ്ങളുടെ ആദ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു ഇത്. അതോടൊപ്പം തന്നെ പാര്‍വ്വതി എന്ന പിഞ്ചു കുട്ടിയ്ക്ക് ചികിത്സാ സഹായമായി 50,000 രുപ  എത്തിക്കുവാനും ഈ കൂട്ടായ്മയ്ക്കു കഴിഞ്ഞു. പിന്നീടങ്ങോട്ട് നിരവധി പേരാണ് ഇവരുടെ സഹായത്താല്‍ ജീവിതത്തിന്റെ പുതു പ്രതീക്ഷകളിലേക്ക് കാലെടുത്തുവെച്ചത്.

ചികില്‍സാ സഹായ പദ്ധതികള്‍

തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ ഒരു അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന സുരേന്ദ്രന്‍ എന്ന് യുവാവിന് സഹായവുമായി എത്തിയത് ഇവരായിരുന്നു. അതുപോലെ ജന്മനാ ദേഹം മുഴുവന്‍ തളര്‍ന്നും വ്രണം ബാധിച്ചും ചികിത്സയില്‍ കഴിയുന്ന 28 വയസുള്ള വര്‍ക്കല സ്വദേശി ലേഖക്ക് തുടര്‍ ചികില്‍സയ്ക്കുള്ള സഹായമെത്തിക്കാനും ഇവര്‍ക്ക് കഴിയുകയുണ്ടായി.

കുരുന്നു പ്രായത്തില്‍ തന്നെ രോഗം മൂലം ദുരിതം അനുഭവിക്കുന്ന കൊല്ലം അഞ്ചല്‍ സ്വദേശി മിഥുന്റെ മകള്‍ മിത്ര മോള്‍, വാല്‍വ് ചുരുങ്ങുന്ന അവസ്ഥയുമായി ശ്രീ ചിത്രയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം ജില്ലയിലെ തന്നെ ഉമയനല്ലൂര്‍ പെരുമാളഴികത്ത് വീട്ടില്‍ ഇന്ദിര, മൂന്ന് പെണ്‍മക്കളടങ്ങിയ ഈ കുടുംബം ചികില്‍സയ്ക്കായോ മറ്റു ജീവിത ചെലവുകളോ കണ്ടത്താനാവാത്ത അവസ്ഥയിലായിരുന്നു.

തിരുവനന്തപുരം പള്ളിപ്പുറത്ത് താമസിക്കുന്ന ജന്മനാ കേള്‍വി ശേഷിയും സംസാര ശേഷിയും ഇല്ലാത്ത കൃഷ്‌ണേട്ടനെ വിധി വീണ്ടും വേട്ടയാടിയപ്പോള്‍ ഹാര്‍ട്ടറ്റാക്ക് മൂലം ബൈപാസ് സര്‍ജറി വേണ്ടിവന്നു. സര്‍ജറിക്ക് തന്നെ രണ്ട്‌ ലക്ഷം രൂപയും മരുന്നിന് മാത്രം ആഴ്ച തോറും 5000 രൂപയും വേണ്ടി വന്നു. ഇങ്ങനെ മാറാ രോഗത്താലും തുടര്‍ ചികില്‍സയുടെ ഭീമമായ തുകയ്ക്കു മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വരികയും ചെയ്യുന്ന നിരവധി പേര്‍ക്കാണ് സൗഹൃദ കൂടാരം തങ്ങളാല്‍ കഴിയുന്ന സഹായം എത്തിച്ചു നല്‍കുന്നത്.

വീല്‍ചെയറുകള്‍

അംഗപരിമിതികള്‍ മൂലം കഷ്ടപ്പെടുന്ന തങ്ങളുടെ സഹജീവികള്‍ക്ക് വീല്‍ ചെയറുകള്‍ എത്തിച്ചുകൊടുക്കുവാനും ഇവര്‍ മറന്നില്ല. ഒന്നെഴുന്നേറ്റു നടക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ പോലും സ്വന്തമായി നിറവേറ്റാന്‍ കഴിയാത്ത നിരവധി പേര്‍ക്കാണ് ഇവരുടെ കൂട്ടായ്മയിലൂടെ വീല്‍ ചെയറുകള്‍ ലഭിച്ചിരിക്കുന്നത്.

അന്നദാനം

വിശക്കുന്നവന് ഒരു നേരത്തെ ആഹാരം നല്‍കുന്നതിനേക്കാള്‍ മഹത്തരമായി വോറൊന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഈ കൂട്ടായ്മയിലെ ഒരോ അംഗങ്ങളും. തെരുവില്‍ ഒറ്റപ്പെടുന്ന നിരാലംബരായ മനുഷ്യര്‍ക്ക് നിരവധി തവണ ഇവര്‍ ആഹാരം എത്തിച്ചു കൊടുക്കുകയുണ്ടായി. കാരുണ്യവിശാന്തി ഭവനിലെ 120 കാന്‍സര്‍ രോഗികള്‍ക്കുള്ള ഭക്ഷണം, സായ്ഗ്രാമത്തിലെ അമ്മമാര്‍ക്കും മുത്തശ്ശന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കും 50 ല്‍പരം കുട്ടികള്‍ക്കും അവിടെ വരുന്നവര്‍ക്കുമുള്ള ഒരു നേരത്തെ സദ്യയ്ക്കുള്ള ധനസഹായം എന്നിങ്ങനെ വിശപ്പിന് വിളി കേള്‍ക്കുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.

മാത്രമല്ല, ഈ കൂട്ടായ്മയിലെ ഒരു അംഗം തന്റെ വിവാഹ വാര്‍ഷികത്തിന് എല്ലാ ആഘോഷങ്ങളും ഒഴിവാക്കിക്കൊണ്ട് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ 200 പേര്‍ക്ക് സദ്യ നല്‍കിയാണ് ആഘോഷിച്ചത്.

സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവരേയും വേദനിക്കുന്നവരുടെയും മനസുകളില്‍ സ്വാന്തനമേകാന്‍ കുറെ നന്മ മനസ്സുകള്‍ ഒന്നിച്ചു ചേര്‍ന്ന ഈ കൂട്ടായ്മയുടെ പ്രവര്‍ത്തന
ങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുന്ന വേളയില്‍ നിര്‍ധനരായ ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീടെന്ന സ്വപ്‌നം പൂവണിയിക്കാനുള്ള ശ്രമത്തിലാണിപ്പോഴിവര്‍.

മാത്രമല്ല, കഴിയുന്നത്ര വേഗത്തില്‍ ഈ കൂട്ടായ്മയെ ഒരു സംഘടനാ സ്വഭാവത്തില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ സഹായ സഹകരണങ്ങള്‍ അവശതയനുഭവിക്കുന്ന കൂടുതല്‍ പേരിലേക്കെത്തിക്കാനുള്ള ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുന്നു. ഇതിനായി നന്മ നിറഞ്ഞ ഒരു പറ്റം നന്മ മരങ്ങളുടെ ആത്മാര്‍ത്ഥമായ പിന്തുണ മാത്രമാണ് ഇവര്‍ക്കിപ്പോള്‍ കൂട്ടായുള്ളത്. നമുക്കും പങ്കു ചേരാം ഇവരോടൊപ്പം….