കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ വിഘടവാദികളുമായി ചര്‍ച്ചയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ രുക്ഷഭാഷയില്‍ വിമര്‍ശിച്ചു സുപ്രീം കോടതി

single-img
29 April 2017

ന്യൂഡല്‍ഹി: കശ്മീരില്‍ വിഘടനവാദികളുമായി ചര്‍ച്ചക്ക് തയ്യാറല്ലെന്ന കേന്ദ്രത്തിന്റെ നിലപാട് തള്ളി സുപ്രീം കോടതി. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരും വിഘടവാദികളും തയ്യാറാവണം.ഇരുകൂട്ടരും തല്‍ക്കാലത്തേക്ക് സംഘര്‍ഷത്തില്‍ നിന്നും പിന്‍മാറി യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച നടത്താന്‍ തയ്യാറായി മുന്നോട്ട് വരുകയാണ് വേണ്ടകെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കല്ലേറ് തുടരുകയും സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നത് തുടരുകയും ചെയ്താല്‍ ഒന്നും സംഭവിക്കില്ല രണ്ടു കൂട്ടരും ഒരടി പുറകോട്ട് വെക്കൂ എന്നിട്ട് ചര്‍ച്ചകള്‍ നടത്തൂ കോടതി പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന് ഇരു കൂട്ടര്‍ക്കും നിര്‍ദേശം വക്കാമെന്നും ഭരണഘടനക്ക് വിധേയമായി പ്രശ്‌നം പരിഹരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഘടന വാദികളോട് സംസാരിക്കാന്‍ തയ്യാറല്ലന്നും രാഷ്ട്രീയ പാര്‍ട്ടികളോട് സംസാരിക്കാമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇത് തള്ളിയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. സര്‍ക്കാര്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും കോടതി കോടതി പറഞ്ഞു. അതേസമയം കൂടുതല്‍ സംഘര്‍ഷമുണ്ടാകില്ലന്ന് ഉറപ്പുവരുത്തണമെന്ന് ജമ്മു കാശ്മീര്‍ ബാര്‍ അസോസിയേഷനോട് കോടതി നിര്‍ദേശിച്ചു.

കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം മുന്നോട്ട് വരുന്നില്ലന്നും ചര്‍ച്ചക്ക് തയ്യാറാകുന്നില്ലന്നും കാണിച്ച് ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കോടതിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ കേസുമായി മുന്നോട്ട് പോകൂവെന്ന് കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നത് മെയ് ഒമ്പതിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.