ഉത്തരകൊറിയ ഒരുങ്ങിത്തന്നെ; അതിര്‍ത്തിയില്‍ പീരങ്കിപ്പടയെ അണിനിരത്തി കിം ജോങ് ഉന്നിന്റെ സൈനികവിന്യാസം

സൈനിക സ്ഥാപക ദിനത്തില്‍ അത്യാധുനിക ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉത്തരകൊറിയന്‍ സേനയുടെ അഭ്യാസപ്രകടനം. ചൊവ്വാഴ്ച പുലര്‍ച്ചെ തുടങ്ങിയ അഭ്യാസപ്രകടനത്തില്‍ ഉത്തരകൊറിയയുടെ വിവധ സേനാവിഭാഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള പീരങ്കിപടയുടെ പരേഡ് നടക്കുന്നതയായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ അന്തര്‍വാഹിനി ദക്ഷിണ കൊറിയന്‍ തീരത്ത് എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതോടെ ഉത്തരകൊറിയന്‍ സേനകള്‍ വലിയ മുന്നോരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കിം ജോങ് ഉന്നിന്റെ നിരീക്ഷണത്തിലാണ് പീരങ്കിപടയുടെ അഭ്യാസപ്രകടനം നടക്കുന്നത്. ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് പീരങ്കിപട ഒരുങ്ങുന്നത്. സൈനിക നീക്കം തുടര്‍ന്നാല്‍ അമേരിക്കയെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും ഉത്തരകൊറിയ രംഗത്തെത്തി. കൊറിയയിലെ ഔദ്യോഗിക മാധ്യമത്തിന്റെ വെബ്‌സൈറ്റാണ് മുന്നറിയിപ്പ് കുറിപ്പ് പ്രസിദ്ധീകരിച്ചത്.

അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ രാജ്യത്തിന് യുദ്ധഭീഷണിയാണെന്നും കടന്നുകയറ്റം നടത്തിയാല്‍ ആക്രമിക്കുമെന്നും വെബ്‌സൈറ്റ് പോസ്റ്റിലുണ്ട്. തേസമയം, ഉത്തരകൊറിയന്‍ നീക്കങ്ങളെ നിരീക്ഷിക്കാന്‍ കടലിലും മുകളിലും വന്‍ സജ്ജീകരണങ്ങളാണ് യുഎസ് ടെക് വിദഗ്ധര്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര കൊറിയയുടെ നടക്കാനിരിക്കുന്ന ആറാം അണ്വായുധ, മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാന്‍ ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.