പൊമ്പിളൈ ഒരുമയോടു മാപ്പ് പറയില്ല; എത്ര നാറ്റിച്ചാലും താന്‍ അതിനുമുകളില്‍ നില്‍ക്കുമെന്ന് മന്ത്രി എം എം മണി

single-img
24 April 2017

പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ താന്‍ മാപ്പ് പറയില്ലെന്നു മന്ത്രി എം.എം. മണി. താന്‍ അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ തന്നോടിങ്ങനെ വേണ്ടിയിരുന്നില്ല. മാധ്യമങ്ങള്‍ എന്നും തന്നെ വേട്ടയാടിയിട്ടേയുള്ളൂ. താന്‍ ഭൂമി കൈയേറി എന്ന തരത്തിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. എത്ര നാറ്റിച്ചാലും ഞാന്‍ അതിനു മുകളില്‍ നില്‍ക്കും. അതിനു കാരണം ഞാന്‍ സാധാരണ പൊതുപ്രവര്‍ത്തകനാണ്- മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

പറഞ്ഞതിനെ കുറിച്ച് പരാതി വന്നപ്പോള്‍ ഖേദപ്രകടനം നടത്തിയിരുന്നു. ഖേദം പ്രകടിപ്പിച്ചതോടെ ആ അധ്യായം അടഞ്ഞുവെന്നും സ്ത്രീകളെ അവിടെ ഇരുത്തിയവര്‍ തന്നെ തിരിച്ചുകൊണ്ടു പോകട്ടെയെന്നും മണി പറഞ്ഞു. ഇടുക്കിയിലെ ഹര്‍ത്താല്‍ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ രാജിവയ്ക്കൂവെന്നും മണി പറഞ്ഞു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിട്ടാണ് ഖേദ പ്രകടനം നടത്തിയത്. സംസാര ശൈലിയില്‍ പ്രശ്‌നമുണ്ടെങ്കില്‍ ആത്മ പരിശോധന നടത്തുമെന്നും മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നാലും ശൈലി മാറ്റില്ലെന്നും മണി പറഞ്ഞു.

തങ്ങള്‍ മുന്നണി മര്യാദകള്‍ പാലിച്ചിട്ടുണ്ടെന്നും സിപിഐക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ പ്രദേശിക നേതൃത്വം തന്നെയും മുഖ്യമന്ത്രിയേയും ചവിട്ടിത്തേക്കുകയാണ്. അതിനെതിരെ തിരിച്ച് പറയാന്‍ അറിയാഞ്ഞിട്ടല്ലെന്നും മന്ത്രി സൂചന നല്‍കി.