ശബരിമലയില്‍ സ്ത്രീ സാന്നിദ്ധ്യം?; ദേവസ്വംബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഫോട്ടോ പ്രചരിക്കുന്നു: വിവാദങ്ങളുടെ കെട്ടഴിച്ചു വിട്ട് വീണ്ടും ടി ജി മോഹൻദാസ്

single-img
15 April 2017

ശബരിമലയില്‍ 50 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ പ്രവേശിച്ചതായി അഭ്യൂഹം. സ്ത്രീകള്‍ ശബരിമല ക്ഷേത്ര നടയില്‍ തൊഴുതു നില്‍ക്കുന്ന ഫോട്ടോ എന്ന പേരില്‍ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 11ന് ശബരിമല ക്ഷേത്രത്തില്‍ വച്ചെടുത്തതാണ് ഈ ഫോട്ടോകള്‍ എന്നാണ് ടിജി തന്റെ ട്വിറ്ററില്‍ പറയുന്നത്. എന്നാൽ ചിത്രങ്ങൾ ചക്കുളത്തു കാവ് ക്ഷേത്രത്തിലേതാണെന്ന വാദങ്ങളും ഉയർന്നു വരുന്നുണ്ട്.

ഈ പെണ്‍കുട്ടികള്‍ എല്ലാം 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്ന് കരുതുന്നുവെന്നാണ് മോഹന്‍ദാസ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ശബരിമലയില്‍ എത്തിയ യുവതികളെ കുറിച്ച് സന്നിധാനം സ്റ്റേഷനില്‍ പരാതി എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ ജി. ഗോപകുമാര്‍ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചുവെന്നും ഓണ്‍ലൈണ്‍ പോര്‍ട്ടലായ ‘മറുനാടന്‍ മലയാളി’ പറയുന്നു. എല്ലാവരും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ിവര്‍ ഹാജരാക്കിയ തിരിച്ചറിയല്‍ രേഖകള്‍ പാന്‍ കാര്‍ഡാണെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

യുവതികളുടെ ക്ഷേത്ര ദര്‍ശനത്തിനു പിന്നില്‍ ‘സുനില്‍ സ്വാമി’ എന്ന വ്യക്തിലയാണെന്നും മറുനടന്‍ മലയാളി പറയുന്നു. കഴിഞ്ഞ 11 ന് രാവിലെയാണ് പാലക്കാട്ടു നിന്നുള്ള യൗവനയുക്തകള്‍ അടക്കം സുനില്‍ സ്വാമിയുടെ സ്വാധീനമുപയോഗിച്ച് സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ ഈ ചിത്രം പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ട ടി.ജി മോഹന്‍ദാസ് പരിഹസിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നുവെന്നും മറുനാടന്‍ മലയാളി പറയുന്നു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിക്കണമെന്ന നിലപാടുമായി ഇടതു സര്‍ക്കാര്‍ വാദമുയര്‍ത്തുകയാണ്. അതു പാടില്ലെന്ന് വ്യക്തമാക്കി ഹിന്ദു സംഘടനകളും എതിര്‍ഭാഗത്തുണ്ട്. ഈ അവസരത്തിലാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നു വന്നരിക്കുന്നത്. വരും ദിവസങ്ങളില്‍ ശബരിമലയിലെ പ്രസ്തുത ‘സ്ത്രീ പ്രവേശം’ വലിയ ചര്‍ച്ചയായി മാറുമെന്നാണ് വിലയിരുത്തല്‍.