സാഹസിക സെല്‍ഫിയ്ക്കിടെ അപകടം: യുവാവിനെ രക്ഷിക്കുന്നതിനിടിയില്‍ പൊലിഞ്ഞത് നാല് സുഹൃത്തുക്കളുടെ ജീവന്‍

single-img
14 April 2017

കൊല്‍ക്കത്ത: സാഹസിക സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കുന്നതിനിടെ നാല് സുഹൃത്തുക്കള്‍ മരിച്ചു.പശ്ചിമബംഗാളിലെ ഹൗറയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തിരക്കുള്ള ട്രെയിനിന്റെ വാതിലിന് പുറത്ത് നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച തറക്‌നാഥ് നിലതെറ്റി താഴേക്ക് വീഴുകയായിരുന്നു. ഇയാളെ പിടികൂടാനായി സുഹൃത്തുക്കള്‍ പിന്നാലെ ചാടിയെങ്കിലും ഇവര്‍ മറുവശത്തെ ട്രാക്കിലാണ് ചെന്ന് പതിച്ചത്. ആ സമയം എതിര്‍ ദിശയില്‍ നിന്നെത്തിയ ട്രെയിന്‍ നാല് പേരുടെയും ശരീരത്തിലൂടെ കയറുകയായിരുന്നു.

സുമിത് കുമാര്‍, സഞ്ജീവ് പോളി, കാജല്‍ സാഹ, ചന്ദന്‍ പോളി എന്നിവരാണ് മരിച്ച സുഹൃത്തുക്കള്‍. തറക്‌നാഥിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവര്‍ സഞ്ചരിച്ച കമ്പാര്‍ട്ട്‌മെന്റില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടയിലാണ് വാതിലില്‍ തൂങ്ങി തറക്‌നാഥ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും ഒരു വ്യവസായ സ്ഥാപനത്തിലെ ജോലിക്കാരുമാണ് ഈ യുവാക്കള്‍, പരിക്കേറ്റയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.