ആര്‍ഭാടമേതുമില്ലാതെ മകളുടെ വിവാഹം; ആ തുകകൊണ്ടു രണ്ട് നിര്‍ധന യുവതികള്‍ക്കു മംഗല്യഭാഗ്യം നല്‍കി സന്തോഷ് കുമാര്‍

single-img
10 April 2017

പത്തനാപുരം: ലക്ഷങ്ങള്‍ പൊടിച്ചുള്ള ആര്‍ഭാടങ്ങളിലൂടെ വിവാഹം ധൂര്‍ത്താക്കി മാറ്റുന്ന ഈ കാലത്ത് മകളുടെ വിവാഹം അഭയകേന്ദ്രത്തിലാക്കുകയും ഒപ്പം രണ്ട് നിര്‍ധനയുവതികളുടെ വിവാഹം നടത്തുകയും ചെയ്ത് മാതൃകയായിരിക്കുകയാണ് കൊല്ലത്തെ വ്യാപാരികുടുംബം. പത്തനാപുരം സീമ വില്ലയില്‍ ബി.സന്തോഷ്‌കുമാര്‍, താര എന്നിവരുടെ മകള്‍ സീമയുടെ വിവാഹമാണ് ആര്‍ഭാടം ഒഴിവാക്കി പത്തനാപുരം ഗാന്ധിഭവനില്‍ നടന്നത്.

മകളുടെ വിഹാത്തിന് ആര്‍ഭാടം ഒഴിവാക്കി ആ തുക ഉപയോഗിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കുകയും ചെയ്യണമെന്നത് സന്തോഷ്‌കുമാറിന്റെ ആഗ്രഹമായിരുന്നു. തന്റെ മകള്‍ സീമയുടെയും മാങ്ങാട് വീണശ്ശേരിയില്‍ കെ.രാജന്‍സുധാരാജന്‍ ദമ്പതിമാരുടെ മകന്‍ പ്രേംരാജിന്റെയും താലികെട്ടിനോടൊപ്പം
ഗാന്ധിഭവനിലെ വിവാഹമണ്ഡപത്തില്‍ രണ്ടു നിര്‍ധന യുവതികള്‍ക്കു കൂടി മംഗല്യഭാഗ്യം നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ്‌ദ്ദേഹം.

ആലപ്പുഴ പുന്നപ്ര സ്വദേശി നിഷമോള്‍, ആലപ്പുഴ കുന്നുംപുറത്ത് സ്വദേശി കവിത എന്നിവര്‍ക്കായിരുന്നു മംഗല്യഭാഗ്യം സിദ്ധിച്ചത്. രഞ്ജിത്ത് നിഷമോള്‍ക്കും ശ്രീദേവ് കവിതയ്ക്കും മിന്നുചാര്‍ത്തി. തന്ത്രി രഞ്ജു അനന്തഭദ്രത്ത് കാര്‍മികത്വം വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ വധൂവരന്മാരെ പരിചയപ്പെടുത്തി.മ ംഗളാശംസകള്‍ നേരാന്‍ വന്‍ ജനാവലിയുമെത്തിയിരുന്നു.

കൊല്ലം മേയര്‍ വി.രാജേന്ദ്രബാബു, സംവിധായകന്‍ ശശി, വ്യവസായി ഡി.വിജയധരന്‍, കെ.പി.സി.സി. സെക്രട്ടറി എ.ഷാനവാസ്ഖാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.