ഇന്ത്യയെ ഇന്ത്യക്കാരുടേതാക്കുവാന്‍ അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്; സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയായ ചമ്പാരന്‍ സത്യാഗ്രഹത്തിനു ഇന്ന് ഒരു നൂറ്റാണ്ട്

single-img
10 April 2017

ഇന്ത്യയുടെ സ്വാതന്ത്ര്യ നീക്കങ്ങളുടെ രണ്ടാം ഘട്ടത്തിനു തുടക്കമിട്ട ചാമ്പാരന്‍ സത്യാഗ്രഹത്തിനു ഒരു നൂറ്റാണ്ടു പൂര്‍ത്തിയാകുന്നു. ബ്രട്ടീഷ് ഭരണതത്തിന്‍ കീഴില്‍ സ്വന്തം കൃഷി ഭൂമിപോലും നഷ്ടമായ ബീഹാറിലെ ചാമ്പാരനിലെ കര്‍ഷകര്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യന്റെ നേതൃത്വത്തില്‍ സത്യാഗ്രഹത്തില്‍ പ്രവേശിച്ചപ്പോള്‍ അതിന്റെ അലയൊലികള്‍ ഇന്ത്യ ഒട്ടുക്കും വീശിയടിച്ചു. അന്ന് കത്തിച്ച ആ അഗ്നി പടര്‍ന്നു പിടിച്ചത് 1947 ലെ ബ്രട്ടീഷുകാരുടെ നാടുവിടലോടെയായിരുന്നു. ഇന്ന് കര്‍ഷക ആത്മഹത്യകളും അതിനെത്തുടര്‍ന്നുള്ള കര്‍ഷക സമരങ്ങളും രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ ‘ചമ്പാരന്‍’ എന്ന വാക്കിനു വീണ്ടും പുതിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടാകുകയാണ്.

ചാമ്പരനിലെ നീലം കൃഷിക്കാരുടെ സമരമായിരുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവെന്നു പില്‍ക്കാലത്ത് അറിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി ഏറ്റെടുത്ത രാജ്യത്തെ ആദ്യസമരം. യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നീലം വളരെ വിലപിടിച്ച വസ്തുവായിരുന്നു. 1765ല്‍ ഷാ ആലം ചമ്പാരന്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഗ്രാന്റായി കൊടുത്ത ഈ പ്രദേശത്ത് കൃഷിചെയതിരുന്നതും ഇതേ നീലമായിരുന്നു. ലോകത്തില്‍ത്തന്നെ അന്ന് ഏറ്റവും കൂടുതല്‍ നീലം കൃഷിചെയ്തിരുന്ന ഇടം കൂടിയായിരുന്നു ചമ്പാരന്‍. അക്കാര്യം ഒന്നുകൊണ്ട് ഈ പ്രദേശം വെള്ളക്കാര്‍ക്ക് പ്രിയപ്പെട്ടതായി മാറി. വെള്ളക്കാര്‍ ജന്മികളും വസ്തുവിന്റെ ഉടമസ്ഥരായ സാധാരണക്കാര്‍ തൊഴിലാളികളുമായി മാറുന്ന ഒരു സാഹചര്യവും ഇവിടെ ഉടലെടുത്തു. ഇന്ത്യക്കാരുടെ വസ്തു കൈവശപ്പെടുത്തി ഇന്ത്യക്കാര്‍ക്കു തന്നെ പാട്ടവ്യക്‌വസ്ഥയില്‍ നീലം കൃഷിചെയ്യാനുള്ള അനുമതി ബ്രിട്ടീഷുകാര്‍ നല്‍കി.

ചമ്പാരനിലെ നീലം കർഷകർ

 

എന്നാല്‍ ഒളിഞ്ഞിരിക്കുന്ന ചതി ഇന്ത്യക്കാര്‍ മനസ്സിലാക്കിയത് നീലം കൃഷിചെയ്തു തുടങ്ങിയ ശേഷമായിരുന്നു. കൃഷി ചെയ്യുന്ന നീലം തുച്ഛവിലക്ക് ജന്മിമാര്‍ക്ക് കൊടുക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന ഏകപക്ഷീയമായ ഒരു കരാര്‍ ഉണ്ടാക്കുകയും ഇത് പ്രകാരം കൃഷിക്കാരന്‍ തെന്റെ പക്കലുള്ള ഭൂമിയില്‍ ഇരുപതില്‍ മൂന്ന് ഭാഗത്ത് നീലം കൃഷി ചെയ്യണമെന്ന് നിബന്ധന വയ്ക്കുകയും ചെയ്തു. ‘തീന്‍ കഠിയ’ എന്ന ഈ സമ്പ്രദായം കൃഷിക്കാര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നു മാത്രമല്ല അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, എതിര്‍പ്പുകള്‍ ഒന്നും ഫലവത്തായില്ല. കേസിനുപോയ പല കൃഷിക്കാരേയും വക്കീലന്‍മാര്‍ ചതിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് രാജകുമാരന്‍ ശുക്ല എന്ന നീലം കൃഷിക്കാരന്റെ ക്ഷണത്തെ തുടര്‍ന്നു മഹാത്മാ ഗാന്ധിചമ്പാരന്‍ ഗ്രാമത്തില്‍ എത്തുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സത്യാഗ്രഹത്തിലൂടെ പരിഹാരം ണ്ടാകുമെന്നു് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ വച്ചുതന്നെ തെളിയിച്ചിരുന്നു. 1917 ഏപ്രില്‍ 10ന ഗാന്ധിജി സത്യാഗ്രഹത്തിനായി ചമ്പാരനിലെത്തി. ഒന്നോ രണ്ടോ ദിവസം ചമ്പാരന്‍ ഗ്രാമത്തില്‍ നില്‍ക്കാനെത്തിയ ഗാന്ധി പക്ഷേ അവിടുത്തെ ജനങ്ങളുടെ അവസ്ഥ കണ്ടപ്പോള്‍ തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ കൃഷിക്കാര്‍ക്കൊപ്പം ചേര്‍ന്ന ഗാന്ധിജിയ്‌ക്കെതിരെ ജില്ലാ ഭരണകൂടം പ്രതിരോധവുമായെത്തി. ഗാന്ധിജിയോട് ജില്ല വിടാന്‍ ഭരണകൂടം ആവശ്യപ്പെട്ടു.

എന്നാല്‍ ഗന്ധിജി ഇത് അവഗണിക്കുകയായിരുന്നു. ഗാന്ധിജിക്കെതിരെ മകസ് നല്‍കിയതനുസരിച്ച് കോടതി അദ്ദേഹത്തെ വിളിച്ചു വരുത്തി. കോടതിയിലെത്തിയ ഗാന്ധിജി തെന്റ നിലപാട് കോടതിയെ അറിയിക്കുകയും ജോലി പൂര്‍ത്തിയാക്കാതെ ചമ്പാരന്‍ വിട്ടുപോവുകയില്ലെന്ന് അറിയിക്കുകയും ചെയ്തു. ഡിവിഷനല്‍ പൊലീസ് കമീഷണറെയും തോട്ടം ഉടമകളെയും കണ്ട് ഗാന്ധിജി സംസാരിച്ചുവെങ്കിലും അതൊന്നും ഫലവത്തയില്ല. ജില്ല വിട്ടുപോകണമെന്ന ഉത്തരവ് നിരസിച്ച ഗാന്ധിജിയെ ഏപ്രില്‍ 18ന് കോടതിയില്‍ ഹാജരാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. അന്ന് കാല്‍നടയായി കോടതിയിലെത്തിയ ഗാന്ധിയെ കാത്തിരുന്നത് വന്‍ ജനക്കൂട്ടമായിരുന്നു. തങ്ങള്‍ക്കുവേണ്ടി സമരത്തിനിറങ്ങിയ ഗാന്ധിജിയെ പിന്തുണക്കാന്‍ ജനസമുദ്രം ഒഴുകിയെത്തി.

ജനങ്ങളുടെ ശക്തിയെ എന്നും അധികാരികള്‍ ഭയന്ന ചരിത്രമേയുള്ളു. ഇവിടെയും അതുതന്നെ സംഭവിച്ചു. ഗാന്ധിജിയുടെ സഹകരണമില്ലാതെ ജനങ്ങളെ നിയന്ത്രിക്കുക സാധ്യമല്ലെന്നു അധികാരികള്‍ക്കു മനസ്സിലായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഒഴിവാക്കാമെന്നും പകരം ജില്ല വിട്ടുപോകണമെന്നും അധിലകാരികള്‍ ആവശ്യപ്പെട്ടു. ഗാന്ധിജി അതു നരസിച്ചു. ജാമ്യത്തുകയായി 100 രൂപ കെട്ടിവയ്ക്കാന്‍ പറഞ്ഞ അധികാരികള്‍ക്കു മുന്നില്‍ അതും ഗാന്ധിജി നിരസിച്ചു. ഒടുവില്‍ സ്വന്തം ജാമ്യത്തില്‍ ഗാന്ധിജിയെ വിട്ടയക്കുകയായിരുന്നു.

ഒടുവില്‍ ചമ്പാരനിലെ ജനങ്ങള്‍ക്കും അവര്‍ക്കുമുന്നില്‍ നിന്ന ഗാന്ധിജിക്കും മുന്നില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മുട്ടുമടക്കി. ചമ്പാരന്‍ പ്രശ്‌നം പഠിച്ച് പരിഹരിക്കുവാന്‍ ഗാന്ധിജി കൂടി അംഗമായ കമ്മിറ്റിക്ക് രൂപം നല്‍കുകയും കമ്മിറ്റിയുടെ റിപ്പോര്‍ട്ടു പ്രകാരം ‘തീന്‍ കഠിയ’ സമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഏറ്റെടുത്ത ആദ്യ സമരം വിജയകരമായത് ഗാന്ധിജിക്കും ശക്തി പകര്‍ന്നു. ആ തേരോട്ടം അവസാനിച്ചത് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ചുകൊണ്ടും.