താന്‍ ജോലിചെയ്യുന്ന സ്‌കൂളിലെ വികസനത്തിനായി സ്വന്തം ശമ്പളം കൂട്ടിവച്ച് രതീഷ് മാഷ് നല്‍കിയത് ഒരുലക്ഷം രൂപയാണ്; സ്വകാര്യ സ്‌കൂളുകളുടെ വാഗ്ദാനങ്ങള്‍ക്കിടയില്‍ പേരാവൂര്‍ എംപിയുപി സ്‌കൂളിലേക്ക് കുട്ടികള്‍ ഒഴുകിയെത്തുന്നതിനു കാരണവും ഈ ആത്മാര്‍ത്ഥതയാണ്

single-img
9 April 2017

അധ്യാപനത്തിന്റ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് എം.പി.യു.പി സ്‌കൂള്‍ അധ്യാപകനായ രതീഷ്. പൊതു വിദ്യാസ യജ്ഞത്തിന്റെ ചിറകിലേറി മണത്തണ പേരാവൂര്‍ യുപി സ്‌കൂളില്‍ ഹൈടെക് ക്ലാസ്‌റൂം എന്ന അത്യാധുനികവും സമഗ്രവുമായ അറിവിന്റെ വിസ്മയം തീര്‍ക്കുകയാണ് ഈ ഒന്നാം ക്ലാസ് അധ്യാപകന്‍. തനിക്കു കിട്ടുന്ന സര്‍ക്കാര്‍ ശമ്പളം തന്റെ കുടുംബത്തിലേക്കു മാത്രമല്ല, സ്‌കൂളിന്റെ നവീന പ്രവര്‍ത്തനങ്ങള്‍ക്കും പങ്കുവെച്ച് മാതൃകയാവുന്നു.

LED പ്രൊജക്ടര്‍ , LED TV,ആനിമേറ്റഡ്ഡിജിറ്റല്‍ ടെസ്റ്റുകള്‍, വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം, ക്രീയേറ്റീവ് എഡ്യൂക്കേഷണല്‍ എയ്ഡ്‌സ് , പാഠപുസ്തകങ്ങളുടെ ആനിമേറ്റഡ് & ഡിജിറ്റല്‍ ടെസ്റ്റുകള്‍ , വര്‍ക്ക് ഷീറ്റുകള്‍ ശിശുസൗഹൃദപരമായ ഫര്‍ണിച്ചറുകള്‍ എന്നീ ആധുനിക സൗകര്യങ്ങളും പ്രശസ്ത ചിത്രകാരന്‍ ആനന്ദ ബോസ് മാലൂര്‍ വരച്ച ചാരുതയാര്‍ന്ന ചുമര്‍ചിത്രങ്ങളും ഉള്ള ഒന്നാന്തരം ഒന്നാം ക്ലാസ് എന്ന സ്വപ്‌നത്തിനു ചിറകു വിരിയിക്കാന്‍ മൊത്തം ചെലവായത്് 1,60,000 രൂപയാണ്. ഇതില്‍ ഒരു ലക്ഷം രൂപ സ്വന്തം ശമ്പളത്തില്‍ നിന്നും മാറ്റി വെച്ചാണ് അധ്യാപകനായ രതീഷ് പദ്ധതി ആവിഷ്‌കരിച്ചത്. ഏതാനും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ബാക്കി തുക കൂടി കണ്ടെത്തുകയായിരുന്നു.

കോളയാട് ചോല സ്വദേശിയാണ് രതീഷ്. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പേരാവൂര്‍ ബ്രാഞ്ച് സെക്രട്ടറിയായ രതീഷ് ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി അധ്യക്ഷനുമാണ്. മികച്ച അധ്യാപനവും സാങ്കേതിക വിദ്യയും സമന്വയിക്കുന്ന വിസ്മയാനുഭവങ്ങളുടെ ഒരു ചെറിയ ലോകമാണ് രതീഷ് കുട്ടികള്‍ക്ക് സമ്മാനിക്കുന്നത്. വേനലവധി കഴിഞ്ഞ് അടുത്ത അധ്യായന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാ ക്ലാസ് റൂമുകളും പുതിയ സാങ്കേതിക മികവോടെയായിരിക്കും വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുക. 201718 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സ്‌കൂള്‍ വികസന സമിതി യോഗം ചേര്‍ന്ന് വേനലവധിക്കാലത്തു തന്നെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും രതീഷ് പറയുന്നു. ഒരോ അധ്യാപകരില്‍ നിന്നും ഇതിനായി 10,000 രൂപ പിരിച്ചെടുത്ത്് ഫണ്ട് കണ്ടെത്തുമെന്നും രതീഷ് പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷങ്ങളായി ഹെഡ്മിസ്ട്രസ് ടി കെ പ്രേമകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ പഴയ പ്രാതാപത്തിലേക്ക് മടങ്ങാനുള്ള പ്രയത്‌നത്തിലാണ് സ്‌കൂള്‍. അതിന്റെ ശ്രമ ഫലമെന്നോണം പേരാവൂര്‍ പഞ്ചായത്തിലെ മികച്ച പൊതുവിദ്യാലയമായി തുടര്‍ച്ചയായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടത് മണത്തണ പേരാവൂര്‍ യുപി സ്‌കൂള്‍ ആയിരുന്നു. കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ക്ലാസ്സ്‌റൂം ഒരുക്കി.. ഇനിയും പുതിയ സാങ്കേതിക മികവോടെ പുതിയ ആശയങ്ങളുമായി പേരാവൂര്‍ യുപി സ്‌കൂളിനോടൊപ്പം സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുയാണ് രതീഷ് മാഷ്. സ്വപ്‌നങ്ങള്‍ക്ക് കൂട്ടായി സഹപ്രവര്‍ത്തകരും.