മുംബൈ ഇന്ത്യന്‍സ് vs പൂനെ സൂപ്പര്‍ജയ്ന്റ്; നായകനല്ലാത്ത ധോണിയുടെ ആദ്യ ഐപിഎല്‍ മല്‍സരം ഇന്ന്

single-img
6 April 2017

ഐപിഎല്‍ 10ാം സീസണിലെ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സും പൂനെ സൂപ്പര്‍ജയ്ന്റും തമ്മില്‍ ഏറ്റുമുട്ടും. ഹോം ഗ്രൗണ്ടില്‍ വൈകുന്നേരം എട്ടുമണിക്ക് കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യ മത്സരത്തിനായി പുണെ ഇറങ്ങുമ്പോള്‍ ധോണിയിലെക്കായിരിക്കും എല്ലാ കണ്ണുകളും.ഐ.പി.എല്ലില്‍ ക്യാപ്റ്റനല്ലാതെ ആദ്യമായാണ് ധോണി കളത്തിലിറങ്ങുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദങ്ങളില്ലാത്ത ധോണി അടിച്ചുതകര്‍ക്കുമെന്നു തന്നെയാണ് ആരാധകരുടെ കടുത്ത വിശ്വാസം. ധോണിയില്‍നിന്ന് പ്രത്യേകമായി ഒന്നും പഠിക്കേണ്ടതില്ലെന്ന പ്രഖ്യാപനവുമായാണ് സ്റ്റീവന്‍ സ്മിത്ത് ടീമിനെ നയിക്കാന്‍ എത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ലോക ഒന്നാം നമ്പറായ സ്മിത്തിന്റെ പടയില്‍ ധോണിക്ക് പുറമെ സ്വന്തം നാട്ടുകാരായ ഉസ്മാന്‍ ഖവാജ, ആദം സംപ, ഇന്ത്യക്കാരനായ അജിന്‍ക്യ രഹാനെ, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഫാഫ് ഡുപ്ലസിസ്, ഇംറാന്‍ താഹിര്‍, ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക് എന്നിവരാണ് പ്രമുഖ താരങ്ങള്‍.

അതേ സമയം രണ്ടുവട്ടം ഐപിഎല്‍ കിരീടം ചൂടിയ മുംബൈ തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യം വച്ചാണ് 10ാം സീസണിനിറങ്ങുന്നത്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈയുടെ ആദ്യ മല്‍സരത്തില്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ കളിക്കില്ല.ബംഗ്ലാദേശിനെതിരായ ട്വന്റി പരമ്പരയില്‍ ശ്രീലങ്കന്‍ ടീമിനൊപ്പമാണ് മലിംഗ. ഹര്‍ദിക് പാണ്ഡ്യയും കീറണ്‍ പൊള്ളാര്‍ഡും ഓള്‍റൗണ്ടര്‍മാരായ മുംബൈ നിരയില്‍ ഏറ്റവും അപകടകാരി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ. പാര്‍ഥിവ് പട്ടേലാണ് വിക്കറ്റ് കീപ്പര്‍.