ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവം; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തിപ്രാപിക്കുന്നു: ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷം ബഹിഷ്‌കരിച്ചു രാഷ്ട്രീയപാര്‍ട്ടികള്‍

single-img
5 April 2017

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും എതിരെയുള്ള പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ ശക്തിപ്രാപിക്കുന്നു. പൊലീസ് നടപടിയ്‌ക്കെതിരെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് നിശാഗന്ധിയില്‍ നടക്കുന്ന ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ കേരള കോണ്‍ഗ്രസ്എം ബഹിഷ്‌ക്കരിക്കും. ബഹിഷ്‌കരണ തീരുമാനം പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

ഇതിനിടെ ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്നു പ്രവര്‍ത്തകര്‍ക്കു നേരേ പൊലീസ് ലാത്തിവീശി. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരടക്കം 6 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

നീതിക്കുവേണ്ടി പ്രതിഷേധിച്ച ജിഷുണുവിന്റെ അമ്മയെ അറസ്റ്റുചെയ്ത പൊലീസ് നടപടി വന്‍ വിമര്‍ശനമാണ് വരുത്തിവച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്നു സംസ്ഥാന ഭരണ പരിഷ്‌കരണ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ ഫോണില്‍ വിളിച്ചു പ്രതിഷേധം അറിയിച്ചു.

ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റു ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റി. പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണ്. മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖം മനസിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല ചെന്നിത്തല പറഞ്ഞു.

പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. അടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് കുമ്മനം പറഞ്ഞു. അബലയായ വീട്ടമ്മയെ തെരുവില്‍ വലിച്ചിഴച്ചാണ് പിണറായി ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.