ആരാധകരെ സാക്ഷിയാക്കി ഇടിക്കൂട്ടില്‍ ഒരു പ്രണയസാഫല്യം

single-img
3 April 2017

ഇടിക്കൂട്ടില്‍ പരസ്പരം പോരാടുന്നവരെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളു. നാലു വശമുള്ള റിങ്ങിനുള്ളില്‍ അവര്‍ ശത്രുക്കളായിരിക്കും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രണയ സാഫല്യത്തിനാണ് ഓര്‍ലാന്‍ഡോയിലെ കാംപിങ് വേള്‍ഡ് സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. അതും എഴുപതിനായിരത്തോളം കാണികളുടെ മുന്നില്‍.

സസ്പെന്‍സും റൊമാന്‍സും നിറഞ്ഞു നിന്ന ഈ കഥയിലെ നായകന്‍ ഡബ്ല്യു.ഡബ്ല്യു.ഇ താരം ജോണ്‍ സിനയാണ്. നായിക സഹതാരമായ നിക്കി ബെല്ലയും.

റസില്‍മാനിയയിലെ മിക്സഡ് മത്സരത്തിന് ശേഷം സിന ഒരു മോതിരം കൈയിലെടുത്ത്, മുട്ടു കുത്തി നിക്കി ബെല്ലയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഈ സ്നേഹം കണ്ട് നായിക അമ്പരന്നു. അവര്‍ ദൈവത്തെ വിളിച്ച് കൈ കൊണ്ട് മുഖം മറച്ചു. പിന്നീട് സിനയെ ചുംബിച്ച്, ആലിംഗനം ചെയ്ത് അവര്‍ ആ വിവാഹ വാഗ്ദാനം സ്വീകരിച്ചു.

ചുറ്റും കൂടി നിന്ന ആരാധകര്‍ കൈയടിയോടെയാണ് ഈ പ്രണയ നിമിഷത്തെ സ്വീകരിച്ചത്. യഥാര്‍ത്ഥ ജീവിതത്തില്‍ ദമ്പതികളായ മിസ്മാര്‍സെ ജോഡിയെ പരാജയപ്പെടുത്തിയ ശേഷമായിരുന്നു സിനയുടെ ഈ പ്രൊപ്പോസല്‍. വിജയാഘോഷത്തിനിടെ ജീവിതത്തിലെ മറക്കാനാകാത്ത മറ്റൊരു നിമിഷം കൂടി ലഭിച്ചത് ബെല്ലെക്ക് ഇരട്ടിമധുരം നല്‍കി. 2012ല്‍ വിവാഹിതനായ ജോണ്‍ സിന ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം നേരത്തെ തന്നെ വേര്‍പെടുത്തിയിരുന്നു.