ഒടുവിൽ മോചനത്തിനു വഴി തെളിയുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനാകും;ബാങ്കുകളും ഒത്തുതീര്‍പ്പിന് തയാറായി

single-img
15 March 2017


ദുബൈ: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദുബൈ ജയിലില്‍ കഴിയുന്ന വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ മോചിതനാകും. കേസുകള്‍ നല്‍കിയ ഭൂരിഭാഗം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയാറായ സാഹചര്യത്തിലാണ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. രാമചന്ദ്രന്റെ നിയമോപദേശകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മറ്റുള്ള ബാങ്കുകളോട് കടം തിരിച്ചടയ്ക്കാന്‍ സാവകാശം ആവശ്യപ്പെടും. ഇതിനായി കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി രാമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചു.

അറ്റ്‌ലസ് ഗ്രൂപ്പിന്റെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് ദുബൈയിലെ റിഫ, ബര്‍ദുബായിലെ, നായിഫ് എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ചെക്ക് മടങ്ങിയതിന്റെ പേരില്‍ ഒരു ബാങ്ക് നല്‍കിയ കേസിലായിരുന്നു അറസ്റ്റെങ്കിലും പിന്നീട് വായ്പയെടുത്ത മറ്റ് ബാങ്കുകളും പരാതിയുമായി രംഗത്തെത്തി.

ജയില്‍ മോചിതനായാല്‍ സ്വത്തുവകകള്‍ വില്‍പന നടത്തി വായ്പ തിരിച്ചടക്കാനാകും. ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടല്‍ അത്യാവശ്യമാണെന്നും രാമചന്ദ്രന്റെ നിയമോപദേശകര്‍ പറഞ്ഞു.