ദുബായിയിൽ കുറഞ്ഞ വരുമാനക്കാര്‍ക്കായി പാര്‍പ്പിടങ്ങള്‍ ഒരുങ്ങുന്നു

single-img
14 March 2017

ദുബായ്: ദുബായിയിൽ കുറഞ്ഞ വരുമാനക്കാര്‍ക്കായി വീടുകള്‍ നിര്‍മിക്കുന്ന നയ പരിപാടിക്ക് എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ അംഗീകാരം. സ്വദേശി വിദേശി കുടുംബങ്ങള്‍ക്ക് ഒരു പോലെ പ്രയോജനം ലഭിക്കുന്ന പദ്ധതിക്ക് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട ചെയ്തു.

രണ്ട് രീതിയിലാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ആദ്യഘട്ടത്തില്‍ നിലവിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനു ശേഷം ഇത്തരം ആളുകള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച് കൈമാറാനുള്ള നടപടികളുമായി മുന്നോട്ട് പോകും, കൂടാതെ ദുബായിലെ പഴയ നഗരങ്ങളിലെ കെട്ടിടങ്ങളും സ്ഥലങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തിയതിനു ശേഷം കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് നല്‍കുവാനുമാണ് തീരുമാനം.

ഇതിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് എമിറേറ്റിലെ സന്നദ്ധ സംഘടനകളുടെ സഹായം തേടാനും കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ കാലത്ത് ദുബായ് ഭരണാധികാരിയായിരുന്ന ശൈഖ് റാഷിദ് ഇത്തരത്തില്‍ ചെറിയ വരുമാനക്കാര്‍ക്കായി പണി കഴിപ്പിച്ച കോളനികള്‍ ഇന്നും പലര്‍ക്കും വലിയ ആശ്വാസമാണ്.

സാമൂഹിക സേവനത്തിനായി ‘സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വര്‍ക് ടീം’ രൂപവത്കരിക്കുന്നതിനും ശൈഖ് ഹംദാന്‍ നിര്‍ദേശം നല്‍കി. വ്യവസായവ്യാപാര പ്രമുഖരെയും പൊതുമേഖലാസ്ഥാപനങ്ങളെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. എക്‌സിക്യുട്ടീവ് കൗണ്‍സിലിലെ സാമൂഹിക വികസന സമിതിക്ക് കീഴിലായിരിക്കുമിത് പ്രവര്‍ത്തിക്കുക.

എമിറേറ്റിലെ എല്ലാ തരത്തിലുള്ള സാമൂഹിക സേവന പരിപാടികളും ഏകോപിപ്പിക്കുന്നതിനുള്ള ചുമതല സംഘത്തിനായിരിക്കും. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കുള്ള സഹായവും ഉത്തരവാദിത്വങ്ങളില്‍പ്പെടും. സാമൂഹിക, സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട മേഖലകള്‍ നിശ്ചയിക്കല്‍, സി.എസ്.ആര്‍. അടക്കമുള്ള സേവന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കല്‍, ഇതേക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കല്‍, സ്വകാര്യ സ്ഥാപനങ്ങളെ കൂടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കല്‍ തുടങ്ങിയവയായിരിക്കും ചുമതലകള്‍.

വിദ്യാഭ്യാസ രംഗത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നയ രൂപവത്കരണത്തെക്കുറിച്ചും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചര്‍ച്ച ചെയ്തതായി സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ശൈബാനി വ്യക്തമാക്കി.