സഞ്ജുവിനെതിരെ കടുത്ത നടപടിക്ക് സാധ്യതയില്ല; പരാതി അന്വേഷിക്കാന്‍ ഇന്ന് നിര്‍ണായക യോഗം

single-img
22 December 2016

 

sanju-samson

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ മോശം പെരുമാറ്റം ഉണ്ടായെന്ന സഞ്ജു സാംസണെതിരായുണ്ടായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അന്വേഷണ സമിതിയുടെ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എന്നാല്‍ സഞ്ജുവിനെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

അനുമതിയില്ലാതെ റൂമില്‍ നിന്നും അസമയത്ത് പുറത്തു പോയെന്നും ബാറ്റ് നിലത്തടിച്ചു തകര്‍ത്തുവെന്നുമൊക്കെയാണ് സഞ്ജുവിനെതിരെയുള്ള പരാതി. സഞ്ജുവിന്റെ പിതാവ് വിശ്വനാഥന്‍ സാംസണ്‍ കെസിഎ പ്രസിഡന്റ് ടി സി മാത്യുവിനെ ഫോണില്‍ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ സഞ്ജുവിന്റെയും പിതാവിന്റെയും വിശദീകരണം കേള്‍ക്കാനാണ് അച്ചടക്ക സമിതി ചേരുന്നത്.

മോശം പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള സഞ്ജുവിന്റെ വിശദീകരണം അച്ചടക്കസമിതി അംഗീകരിച്ചേക്കും. രഞ്ജി ട്രോഫി മത്സരത്തിനിടെ ബാറ്റ് തല്ലിത്തകര്‍ത്തത് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതിലെ നിരാശ കാരണമെന്നാണ് സഞ്ജുവിന്റെ വിശദീകരണം. ഇതിന് മുന്‍പ് വിവാദങ്ങളിലൊന്നും ഉള്‍പ്പെടാത്ത തനിക്കും അച്ഛനുമെതിരെ കടുത്ത നടപടി ഉണ്ടാകരുതെന്നും സഞ്ജു കെസിഎയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

രണ്ടു ദിവസങ്ങളിലായി തെളിവെടുപ്പ് നടത്താനാണ് അച്ചടക്കസമിതി നേരത്തെ തീരുമാനിച്ചതെങ്കിലും സഞ്ജു ഖേദം പ്രകടിപ്പിച്ചതിനാല്‍ നടപടികള്‍ ഇന്ന് അവസാനിപ്പിച്ചേക്കും. സഞ്ജുവിനും അച്ഛനും പുറമേ കേരള രഞ്ജി ടീം കോച്ച് ടിനു യോഹന്നാന്‍, നായകന്‍ രോഹന്‍ പ്രേം, മാനേജര്‍ യു മനോജ് എന്നിവരോടും സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം തന്റെ മകന് പരിക്ക് പറ്റിയതിനാലാണ് മത്സരത്തില്‍ നിന്നും മാറി നിന്നതെന്നും മകന്റെ കരിയര്‍ നശിപ്പിക്കാന്‍ കെസിഎയിലെ ചിലര്‍ മനപൂര്‍വ്വം പ്രവര്‍ത്തിക്കുകയാണെന്നും സഞ്ജുവിന്റെ പിതാവ് ആരോപിച്ചിരുന്നു. താന്‍ ടി സി മാത്യവിനെ അസഭ്യം പറഞ്ഞുവെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. ഇക്കാര്യത്തില്‍ ഫോണ്‍ സംഭാണങ്ങള്‍ അടക്കം സിമിതിക്ക് മുമ്പാകെ ഹാജരാക്കാനാണ് സഞ്ജുവിന്റെ പിതാവിന്റെ നീക്കം.