കരുണിന്റെ ചിറകിലേറിയ ടീം ഇന്ത്യയ്ക്ക് അവസാന ടെസ്റ്റിലും വിജയം; ജയം ഇന്നിംഗ്‌സിനും 75 റണ്‍സിനും

single-img
20 December 2016

 

റാഷിദിനെ ക്യാച്ചിലൂടെ പുറത്താക്കിയ ജഡേജയെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഉമേഷ് യാദവും

റാഷിദിനെ ക്യാച്ചിലൂടെ പുറത്താക്കിയ ജഡേജയെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഉമേഷ് യാദവും

മലയാളി താരം കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയം. ഒന്നാം ഇന്നിംഗ്‌സില്‍ 282 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് വീഴ്ത്തിയ രവിന്ദ്ര ജഡേജയുടെ സ്പിന്നില്‍ കുരുങ്ങി 75 റണ്‍സ് അകലെ വച്ച് എല്ലാവരും പുറത്താകുകയായിരുന്നു.

സ്‌കോര്‍: ഇംഗ്ലണ്ട് (ഒന്നാം ഇന്നിംഗ്‌സ്-477, രണ്ടാം ഇന്നിംഗ്‌സ്- 207), ഇന്ത്യ (ഒന്നാം ഇന്നിംഗ്‌സ്-759/7). ഇന്ന് രാവിലെ വിക്കറ്റ് നഷ്ടപ്പെടാതെ പന്ത്രണ്ട് റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ 270 റണ്‍സ് കൂടി വേണമായിരുന്നു. പ്രതിരോധത്തിലൂന്നി ഇന്നത്തെ ദിവസം മുഴുവന്‍ ബാറ്റ് ചെയ്ത് മത്സരം സമനിലയിലാക്കാമെന്നായിരുന്നു ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരുടെ പദ്ധതി. ഒരുഘട്ടത്തില്‍ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു.

ക്യാപ്റ്റന്‍ കോഹ്ലി സ്പിന്നര്‍മാരെയും പേസര്‍മാരെയും മാറിമാറി പരീക്ഷിച്ചെങ്കിലും രണ്ടാം ഇന്നിംഗ്‌സിലെ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ 103 റണ്‍സ് വരെ കാത്തിരിക്കേണ്ടി വന്നു. ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്ക്(49), കീറ്റണ്‍ ജെന്നിംഗ്‌സ് എന്നിവര്‍ ഇംഗ്ലണ്ടിന് അത്ര മികച്ച തുടക്കമായിരുന്നു നല്‍കിയത്. എന്നാല്‍ തുടര്‍ച്ചയായി ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു. ജഡേജയുടെ പന്തില്‍ ആദ്യം പുറത്തായത് കുക്ക് ആണ്. ഏഴ് റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ജഡേജ തന്നെ മനോഹരമായ ഒരു റിട്ടേണ്‍ ക്യാച്ചിലൂടെ ജെന്നിംഗ്‌സിനെയും പുറത്താക്കി. ജോ റൂട്ട്(ആറ്), മൊയിന്‍ അലി(44), സ്‌റ്റോക്‌സ്(23), ബ്രോഡ്(ഒന്ന്), ജെയ്ക് ബോള്‍(പൂജ്യം) എന്നിവരെയും ജഡേജ തന്നെ പുറത്താക്കി. ബ്രിസ്റ്റോയെ(ഒന്ന്) ഇഷാന്ത് ശര്‍മ്മയും അരങ്ങേറ്റ മത്സരം കളിച്ച ഡൗസണെ(പൂജ്യം) അമിത് മിശ്രയും റാഷിദിനെ(രണ്ട്) ഉമേഷ് യാദവും പുറത്താക്കി. റാഷിദിന്റെയും ബ്രിസ്റ്റോയുടെയും ക്യാച്ച് എടുത്തതും ജഡേജയാണ്. ഇതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ ഒമ്പത് വിക്കറ്റുകള്‍ വീണതിന് പിന്നില്‍ ജഡേജയുണ്ടായിരുന്നുവെന്ന അപൂര്‍വ നേട്ടവും അദ്ദേഹത്തിന് ലഭിച്ചു.

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കിരണ്‍ നായര്‍(303 നോട്ടൗട്ട്) ആണ് കളിയിലെ കേമന്‍. ഇന്ത്യന്‍ ബൗളിംഗിന്റെ നെടുന്തൂണായ അശ്വിന് ഈ മത്സരത്തില്‍ വിക്കറ്റുകളൊന്നും നേടാനായതുമില്ല.

ഒന്നാം ഇന്നിംഗ്‌സില്‍ ഏറ്റവും വലിയ ടോട്ടല്‍ നേടി തോറ്റ ടീമെന്ന സ്വന്തം റെക്കോഡാണ് ഇംഗ്ലണ്ട് ഇക്കുറി തകര്‍ത്തത്. 2001ല്‍ ആഷസ് ടെസ്റ്റില്‍ ഓവലില്‍ നേടിയ 432 റണ്‍സ് ആയിരുന്നു ഇതുവരെയും മുന്നില്‍. രവീന്ദ്ര ജഡേയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനമാണ് രണ്ടാം ഇന്നിഗ്‌സിലെ 7/48. ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ ജഡേജ മത്സരത്തിലാകെ പത്ത് വിക്കറ്റ് നേടി. ആദ്യമായാണ് ജഡേജ ഒരു മത്സരത്തില്‍ പത്ത് വിക്കറ്റ് നേടുന്നത്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത് ടെസ്റ്റിലെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ ആണ്.

അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇന്ത്യ ഇതോടെ പരമ്പര 4-0ന് നേടിയിരിക്കുകയാണ്. ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു.