ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ജഴ്‌സിയും പ്ലക്കാര്‍ഡും തടഞ്ഞ് ഡൽഹിയിൽ അധികൃതരുടെ ഇരട്ടത്താപ്പ്

single-img
15 December 2016

kerala-blasters-nehru-stadium-isl_3488556
ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചിലേറ്റിയ ഫുട്‌ബോള്‍ ആരാധകര്‍ സ്‌റ്റേഡിയത്തില്‍ പലപ്പോഴും മഞ്ഞക്കടല്‍ തീര്‍ക്കുന്നത് പതിവാണ്. എന്നാല്‍ ഇന്നലെ ഡൽഹിയുമായി നടന്ന മത്സരത്തില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികളെ വരവേറ്റത് സുരക്ഷ ജീവനക്കാരുടെ ഇരട്ടത്താപ്പായിരുന്നു. ഡല്‍ഹി ഡൈനാമോസിന്റെ വെള്ള കൊടിയും ജഴ്‌സിയുമെല്ലാം സ്റ്റേഡിയത്തിലേക്ക് കടത്തിവിട്ടപ്പോള്‍ കേരളത്തിന്റെ മഞ്ഞ ജഴ്‌സിയും കൊടിയും ഷാളും വിലക്കുകയായിരുന്നു.

ഇതേചൊല്ലി കേരള ആരാധകരും സെക്യൂരിറ്റി സ്റ്റാഫും പലകുറി ഉടക്കി. മലയാള മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടപ്പോള്‍ ചിലരെ കടത്തിവിട്ടുവെങ്കിലും പിന്നാലെ എത്തിയവരെ വീണ്ടും ഗേറ്റില്‍ തടഞ്ഞു. മഞ്ഞ ജഴ്‌സി അഴിപ്പിച്ചാണ് പലരെയും അകത്ത് കടത്തിയത്. ഇഷ്ട ടീമിനും കളിക്കാരനും ആശംസകള്‍ നേരുന്ന പ്‌ളക്കാര്‍ഡുകള്‍ സൗജന്യമായി തയാറാക്കി നല്‍കുന്ന കൗണ്ടര്‍ സംഘാടകര്‍ തന്നെ സ്റ്റേഡിയത്തിന് അകത്ത് ഒരുക്കിയിരുന്നു.

എന്നാല്‍, ഇവിടെ കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തുണക്കുന്ന പ്ലെക്കാര്‍ഡുമായി ഗ്യാലറിയിലേക്ക് വന്നവരെയും സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് മലയാളി കാണികള്‍ക്ക് പ്ലെക്കാര്‍ഡും മഞ്ഞ ജഴ്‌സിയും ഗാലറിയിലേക്ക് ഒളിപ്പിച്ച് കടത്തേണ്ടി വന്നു. ഡല്‍ഹിക്കാരുടെ ‘കുതന്ത്രം’ വിജയിച്ചപ്പോള്‍ കാണികളില്‍ മലയാളികള്‍ ഏറെയുണ്ടായിട്ടും ഗാലറിയില്‍ മഞ്ഞ ജഴ്‌സിയും കൊടിയും കണ്ടത് അപൂര്‍വം മാത്രം.

ഡല്‍ഹി ഡൈനാമോസിന്റെ ഭാഗമായ ആളുകള്‍ കാവല്‍ നിന്ന ഗേറ്റുകളിലാണ് മലയാളി ആരാധകരുടെ ആവേശം ചോര്‍ത്തുന്ന വിവേചനം അരങ്ങേറിയത്. മഞ്ഞ ജഴ്‌സിയോ, കേരളത്തിന്റെ കൊടിയോ സ്റ്റേഡിയത്തില്‍ വിലക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് ഐ.എസ്.എല്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇന്നലെ നടന്നത് വിവേചനം തന്നെയായിരുന്നു.

എന്നാല്‍ ആരാധകരുടെ ആശങ്കകള്‍ക്ക് പരിഹാരം തീര്‍ത്ത്് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 ത്തിന് ഡല്‍ഹിയെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് പ്രവേശിച്ചു. ആവേശ്വജ്ജലമായ പ്രകടനം തന്നെ ആയിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. എന്നാല്‍ അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് റഫീയാണ് സെമിയിലെ ഷൂട്ട്ഔട്ടില്‍ കേരളത്തിനായി വിജയ ഗോള്‍ ഉതിര്‍ത്തത്. കൊല്‍ക്കത്തയോടുള്ള പഴയ പ്രതികാരം തീര്‍ക്കാനായി ബ്ലാസ്റ്റേഴ്‌സ് ഇനി ഞായറാഴ്ച ഫൈനലിലേക്ക് ബൂട്ടു കെട്ടും