ഡോക്ടര്‍മാര്‍ ദൈവങ്ങളെപോലെയല്ല ദൈവമാണ്

main-qimg-210353c10566b2d08f06d15405d84f1e

രാജേഷ് പിള്ള അണിയിച്ചൊരുക്കിയ ട്രാഫിക് എന്ന സിനിമ അവയവദാനത്തിന്റെ മഹത്തായ സന്ദേശമാണ് പ്രേക്ഷകര്‍ക്കു പകര്‍ന്നു നല്‍കിയത്. കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും. കൊച്ചിയില്‍ നിന്ന് പാലക്കാട് വരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ഹൃദയമെത്തിക്കുന്നതായിരുന്നു സിനിമയുടെ പ്രമേയമെങ്കിലും മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം കാഴ്ചയുടെ വശ്യതയ്ക്കു പകരം ഈ സിനിമ പകര്‍ന്ന് നല്‍കിയത് അവയവദാനത്തിന്റെ ആവശ്യകതയായിരുന്നു. അവയവദാനത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താന്‍ ട്രാഫിക് എന്ന ചിത്രം നിമിത്തമായി എന്നു തന്നെ പറയാം. ഇതുമൂലം സംസ്ഥാനത്ത് പ്രതീക്ഷകള്‍ അസ്തമിച്ച ഒട്ടേറെ രോഗികള്‍ക്ക് സ്പന്ദനമായി, ഒപ്പം അവരുടെ കുടുംബങ്ങളുടെ പ്രതീക്ഷയും സ്വപ്നവുമായി. ദാനധര്‍മ്മങ്ങളില്‍ മഹത്തായ പ്രവര്‍ത്തിയാണ് അവയാവദാനം എന്നത് ഏവരും തിരിച്ചറിഞ്ഞതാണ്. മറ്റൊരാളെ ജീവിതത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരാനായി മരണാനന്തരം സ്വന്തം അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുന്ന ഒരാളുടെ മഹാമനസ്‌കത അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്.
അവയവ ദാനത്തിന്റെ പ്രസക്തി എത്രത്തോളം ഉണ്ടെന്ന് ഓരോ ഘട്ടത്തിലും എങ്ങനെയൊക്കെ പ്രാപ്തമാക്കമെന്നു ചിന്തിക്കുമ്പോഴാണ് പ്രോത്സാഹാനവുമായി കേരളത്തിലെ ഡോക്ടമാര്‍ രംഗത്തെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് നെടുമ്പാശ്ശേരിരിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 59 ാം സംസ്ഥാന സമ്മേളനമായ പെരിയാര്‍ മെഡ്‌ഫെസ്റ്റില്‍ പങ്കെടുത്ത മൂവായിരത്തിലധികം ഡോക്ടര്‍മാരാണ് അവയവദാനത്തിന് സമ്മതം പത്രം ഒപ്പിട്ടു നല്‍കിയത്. ഇവരോടൊപ്പം കുടുംബാംഗങ്ങളും സമ്മതപത്രം നല്‍കിയെന്നത് സമൂഹത്തിന് മാതൃക തന്നെയാണ്.

അവയവദാനം എപ്പോഴും പുണ്യ പ്രവര്‍ത്തിയാണ്. ഇവിടെ ഒരു മനുഷ്യ ജീവനെ മറ്റൊരാളിലേക്ക് പറിച്ച് നടുകയാണ്. മരണ ശേഷം വെറും മണ്ണായി പോയേക്കാവുന്ന അവയവങ്ങള്‍ മറ്റാരുടെയോ ജീവന്‍ പിടിച്ചു നിര്‍ത്തും എന്ന സന്ദേശം സമൂഹത്തില്‍ ഏറെ ശബ്ദത്തോടെ വിളിച്ചു പറയേണ്ടിയിരിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട് കഴിയുന്ന രോഗികള്‍ക്ക് അവയവങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ ചിന്തിച്ചതും സമ്മത പത്രം നല്‍കിയതും ശ്ലാഖനീയം തന്നെയാണ്. ജീവന്‍ കൂടെ ഉണ്ടായിട്ടും ജീവിതം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാണ്. പരമാവധി ഡോക്ടര്‍മാര്‍ അവയവദാനത്തിന് സന്നദ്ധരാകുക എന്ന ലക്ഷ്യത്തോടെയാണ് ഐ എം എ ഇത്തരം ഒരു പുണ്യ പ്രവര്‍ത്തിക്ക് സാക്ഷ്യം വഹിച്ചത് എന്നതും അഭിമാനം തന്നെയാണ്. കേരളത്തില്‍ 103 ശാഖകളുള്ള ഐ എം എയില്‍ മുപ്പതിനായിരത്തിലധികം അംഗങ്ങള്‍ ഉണ്ട്. എല്ലാ ശാഖകളിലെയും ഡോക്ടര്‍മാര്‍ അവയവദാന സമ്മത പത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണെന്നതും ഇത് ഏറെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമത്തിലാണെന്നതും കൗതുകകരമാണ്.

അവയവദാനത്തിനായി നിരവധി സന്നദ്ധ സംഘടനകളും മറ്റും നേരത്തെയും ആവേശം പകര്‍ന്നെങ്കിലും ഇത്രയുമധികം ഡോകടര്‍മാര്‍ ആദ്യമായിട്ടാരിക്കും ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തിക്ക് സന്നദ്ധത പ്രകടിപ്പിക്കുന്നത്. അവയവ ദാനത്തിന്റെ പ്രസക്തി കേരളത്തിലാകെ വ്യാപിക്കാനുള്ള ദൗത്യം ആവേശമായി പടരുകയാണ്. മഹത്തായ അവയവദാനയജ്ഞത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ഡോക്ടര്‍മാരും അവരുടെ ബന്ധുക്കളും മറ്റു സന്നദ്ധ പ്രവര്‍ത്തകരും നിസ്വാര്‍ഥം പ്രവര്‍ത്തിക്കുന്നുണ്ടെന്നു തന്നെ പറയാം. ഇത്തരം പദ്ധതികളിലേക്ക് കൂടുതല്‍ പേര്‍ കടന്നു വന്നാല്‍ രാജ്യത്തിന് മാത്രമല്ല ലോകരാഷ്ട്രങ്ങള്‍ക്കും നമ്മുടെ സംസ്ഥാനം വഴികാട്ടിയാവുമെന്നതില്‍ സംശയമില്ല. അവയവ ദാന കര്‍മ്മത്തില്‍ രാജ്യം ചരിത്രത്തില്‍ ഇടം നേടിയിട്ട് വര്‍ഷങ്ങള്‍ തികയുമ്പോള്‍ പുതുജീവനു വേണ്ടി കാത്തുകിടക്കുന്നവരുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയാണ് ഇന്ന് ഏറ്റവും വലിയ നേട്ടമെന്ന് തോന്നും. കേരളം കണ്ട ഏറ്റവും വലിയ ജനകീയ ആരോഗ്യ ക്യാംപയിനിംങ് എന്ന ചോദ്യത്തിന് അവയവദാനം എന്നല്ലാതെ മറ്റൊരു ഉത്തരം കണ്ടെത്താന്‍ പ്രയാസമാണ്.

അത്ഭുത രോഗ ശാന്തിക്കായി അറിവില്ലായ്മയുടെ തിമിരം ബാധിച്ച കണ്ണുകളിലേക്ക് ശാസ്ത്രത്തിന്റെ വെളിച്ചം പകര്‍ന്നുകൊടുത്ത് ജീവന്‍ തിരികെ കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്. ഇതോടൊപ്പം അവയവദാനം പകരം വയ്ക്കാനില്ലത്ത ദൈവികതയാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ശരീരത്തിലെ ഏതെങ്കിലും പ്രധാന അവയവത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനാലും അവയവം മാറ്റിവയ്ക്കാന്‍ ഇല്ലാത്തതിനാലും രാജ്യത്ത് ഓരോ വര്‍ഷവും അഞ്ചു ലക്ഷം പേരാണ് മരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് അവയവദാനത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നത്. അവയവങ്ങള്‍ വ്യാപകമായി ദാനം ചെയ്യണമെന്ന് നിരന്തരം പറയുന്നുണ്ടെങ്കിലും ,ഭയത്താലോ ഉത്കണ്ഠ മൂലമോ ഉള്‍വലിയുന്ന പലരും നമുക്കിടയിലുണ്ട്. ദാതാവിനെ കണ്ടെത്തുന്നതും ബോധവല്‍ക്കരണത്തിന്റെ കുറവും ശരിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഭരണപരമായ കടമ്പകളും യാഥാസ്ഥിതിക മനോഭാവവും അവസ്ഥ കൂടുതല്‍ ദുഷ്‌ക്കരമാക്കുന്നു. അവയവ ദാനം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിധാരണകള്‍ മാറ്റാനും ശ്രമമുണ്ടാവണം.

ഓരോ വര്‍ഷവും ഇന്ത്യയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ഗുരുതര നിലയിലുള്ള കരള്‍ രോഗികളും ഹൃദ്രോഗികളുമായി മാറുന്നുണ്ട്. എന്നാല്‍, ആയിരത്തില്‍ താഴെ കരള്‍ മാറ്റിവയ്ക്കലും അന്‍പതില്‍ താഴെ ഹൃദയം മാറ്റിവയ്ക്കലുമാണ് രാജ്യത്ത് നടക്കുന്നത്. ബാക്കിയുള്ളവര്‍ മാറ്റിവയ്ക്കാന്‍ അവയവം കിട്ടാതെ മരണത്തിന് കീഴടങ്ങുകയാണ്. ബന്ധുക്കളോ, ഉറ്റവരോ മസ്തിഷ്‌കമരണത്തിനിരയായാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് നമ്മളും തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പ്രതിഫലേച്ഛയില്ലാതെ കൃത്യസമയത്ത് അവയവദാനം നല്‍കുന്നതിലൂടെ മാത്രമേ ഒരാളുടെ ആരോഗ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുകയുള്ളുവെന്നും നാം മനസ്സിലാക്കണം. അത്തരം തീരുമാനമാണ് ഇന്ന് ഡോക്ടര്‍മാരും അവരുടെ ബന്ധുക്കളും സ്വീകരിച്ചിരിക്കുന്നത്.

133 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് വര്‍ഷംതോറും 1,40,000 മരണങ്ങള്‍ റോഡപകടങ്ങള്‍ മൂലം ഉണ്ടാവുന്നുണ്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ ഓരോ 90 മിനുറ്റിനുള്ളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ 8 മുതല്‍ 10ശതമാനം വരെ മസ്തിഷ്‌ക്ക മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം അപകടം മൂലം മരണമടയുന്നവരില്‍ നിന്ന് പരമാവധി അവയവങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നാം ലക്ഷ്യം വയ്ക്കണം.. ഒരു ജീവന്‍ നല്‍കുക മാത്രമല്ല അനധികൃതമായ അവയവക്കച്ചവടം ഒരുപരിധിവരെ കടിഞ്ഞാണിടാനും സാധിക്കും. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് ഹതാശരായി കഴിയുന്ന നമ്മുടെ സഹജീവികളെ സഹായിക്കാനുള്ള വഴികൂടിയാണിതെന്ന് നാം ഓര്‍ക്കണം.

ഒരു മനുഷ്യശരീരത്തില്‍ എട്ടു പേര്‍ക്ക് എങ്കിലും ജീവന്‍ നിലനിര്‍ത്താനുള്ള പ്രധാന അവയവങ്ങളുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന മുപ്പതിലേറെ ശരീരഭാഗങ്ങള്‍ വേറെയുമുണ്ട്. കണ്ണുകള്‍, വൃക്കകള്‍, കരള്‍, ഹൃദയം, മദ്ധ്യകര്‍ണത്തിലെ ഓസിക്കിളുകള്‍ എന്ന അസ്ഥികള്‍, മജ്ജ, ശ്വാസകോശം, പാന്‍ക്രിയാസ്, മുഖവും കൈകാലുകളും ലിംഗവും പോലെയുള്ള ശരീരഭാഗങ്ങള്‍, ത്വക്ക് എന്നിവയാണ്. എന്നാല്‍ ബന്ധുക്കളുടെ സമയോചിതമായ ഇടപെടല്‍ കൂടി മാത്രമേ ഇത് സാധ്യമാകുകയുള്ളു. മരണാനന്തരം ബന്ധുക്കള്‍ സമീപത്തുള്ള അവയവദാന ബാങ്കുമായി ബന്ധപ്പെട്ടാല്‍ മാത്രമേ അവയവദാനം എന്ന ആഗ്രഹം യഥാര്‍ഥ്യമാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കാനാവുയെന്ന് നാം തിരിച്ചറിയണം. വിദേശരാജ്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ അവയവബാങ്ക് സംവിധാനമുണ്ട്. അതുപോലെ മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ ശേഖരിച്ചു നല്‍കുന്ന രീതി നമ്മുടെ രാജ്യത്ത് തമിഴ്‌നാടും ആന്ധ്രാപ്രദേശും നടപ്പാക്കുന്നുണ്ട്. ഇത്തരത്തില്‍ അവയവ ദാനത്തിന് പ്രാത്സാഹനവും പ്രാധാന്യവും ലഭിക്കേണ്ട ഈ കാലത്തു തന്നെയാണ് ഡോക്ടര്‍മാര്‍ ഇത്തരം പ്രവര്‍ത്തിയിലേക്ക് മുന്നിട്ടിറങ്ങിയത്.

രോഗവും മരണവും പ്രകൃതിയുടെ നിയമമാണെങ്കില്‍ പോലും കരുണയിലൂടെ ഒരു ജീവന്‍ നല്‍കാന്‍ നമുക്ക് കഴിയും. ട്രാഫിക് സിനിമയില്‍ മസ്തിഷ്‌ക്ക മരണം സംഭവിക്കുന്ന റയ്ഹാന്റെ പിതാവ് യെസ് എന്നു പറയുന്നതു പോലെ ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെയും ഒരു യെസ് മതി ഒരാളുടെ ജീവിതം മാറ്റിമറിക്കാന്‍. അവയവങ്ങള്‍ ലഭിക്കാതെ ഒരു മനുഷ്യനെയും മരണത്തിന് വിട്ടുകൊടുക്കരുതെന്നും പുതിയ കാലത്ത് അവയവദാനമെന്ന ദൗത്യം അനിവാര്യമാണെന്നും അവര്‍ ചൂണ്ടികാട്ടുന്നു. ആരോഗ്യ മേഖലയിലേക്കുള്ള ഉയര്‍ച്ചയാണ് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്നത്. ഇത്തരം പുണ്യപ്രവൃത്തിയിലൂടെ കേരളം രാജ്യത്തിനും ലോകത്തിനും വിസ്മയമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. സ്വന്തം നാളെകളെ മാത്രം സ്വപ്‌നം കാണുന്ന തലമുറകള്‍ നാളെയുടെ നന്മയ്ക്കായ് ചില കടമകള്‍ കൂടി ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഇത്തരം പദ്ധതികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അവയവദാനത്തിന്റെ മഹത്വവും ആവശ്യകതയും യുവജനങ്ങള്‍ അറിയുകയും മനസ്സിലാക്കുകയും സംസ്ഥാനത്തുടനീളം നടത്തുന്ന ബോധവത്ക്കരണ പരിപാടി, ക്യാംപനിംങ് എന്നി സംരംഭകങ്ങളില്‍ പങ്കാളികളാവുകയും ചെയ്താല്‍ വളരെ വേഗം ഈ ലക്ഷ്യത്തിലേക്കെത്താന്‍ സാധിക്കും.