തൊഴിലുടമ തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുന്നതും വിശ്രമമില്ലാതെ ജോലിചെയ്യിപ്പിക്കുന്നതും നിയമവിരുദ്ദമെന്ന് കുവൈത്ത്

single-img
2 December 2016

worker-welfare
കുവൈത്ത് സിറ്റി: തൊഴിലാളിയുടെ പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി ഉള്‍പ്പെടെ രേഖകള്‍ തൊഴിലുടമ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമെന്ന് കുവൈത്ത്. നിയമലംഘനമുണ്ടായാല്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മാന്‍പവര്‍ അതോറിറ്റിയിലും ഗാര്‍ഹിക ജോലിക്കാര്‍ക്ക് താമസകാര്യ വകുപ്പിലെ ഡൊമസ്റ്റിക് ലേബര്‍ സെക്ഷനിലും പരാതി നല്‍കാമെന്ന് താമസകാര്യ വകുപ്പ് മേധാവി തലാല്‍ അല്‍ മഅ്‌റഫി പറഞ്ഞു.

1992 ല്‍ പാസാക്കിയ റെഗുലേറ്റിങ് പ്രൈവറ്റ് സെര്‍വന്റ് എംപ്‌ളോയ്‌മെന്റ് ഓഫിസ് നിയമത്തില്‍ കാതലായ പരിഷ്‌കരണങ്ങള്‍ വരുത്തി കുവൈത്ത് രൂപവത്കരിച്ച പുതിയ ഗാര്‍ഹികത്തൊഴിലാളി നിയമത്തില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നതായി അദ്ദേഹം പറഞ്ഞു.അനുവാദമില്ലാതെ പാസ്‌പോര്‍ട്ട് സിവില്‍ ഐഡി ഉള്‍പ്പെടെ രേഖകള്‍ പിടിച്ചുവെക്കുന്നതോടൊപ്പം വീട്ടുജോലിക്കാരെ കൊണ്ട് വിശ്രമമില്ലാതെ ജോലിചെയ്യിക്കുന്നതും പുതിയ നിയമപ്രകാരം കടുത്ത കുറ്റമാണ്. ഇടവേളകളോടെ പരമാവധി 12 മണിക്കൂര്‍ ജോലി. 60 ദീനാറില്‍ കുറയാത്ത ശമ്പളം. വാരാന്ത അവധിക്ക് പുറമെ 30 ദിവസത്തെ വാര്‍ഷിക അവധി എന്നിവ തൊഴിലാളിക്ക് ഉറപ്പുനല്‍കുന്ന നിയമം, കരാര്‍ പ്രകാരമുള്ള ശമ്പളം നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ വൈകിയ ഓരോ മാസത്തിനും തൊഴിലുടമ പത്തു ദീനാര്‍ വീതം അധികം നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.

തൊഴിലാളിയുടെ പൂര്‍ണ സമ്മതത്തോടെയല്ലാതെ കുവൈത്തിന് പുറത്ത് ജോലിചെയ്യിക്കരുത്. കരാര്‍ ലംഘനമുണ്ടായാല്‍ ശമ്പളകുടിശ്ശിക മുഴുവന്‍ നല്‍കി സ്‌പോണ്‍സറുടെ ചെലവില്‍ നാട്ടിലയക്കണം തുടങ്ങിയ കാര്യങ്ങളും നിയമം അനുശാസിക്കുന്നു. ഓരോ മാസവും ശമ്പളത്തോടൊപ്പം പണം കൈപ്പറ്റിയതായി തെളിയിക്കുന്ന രസീതോ ട്രാന്‍സ്ഫര്‍ മെമ്മോയോ തൊഴിലാളിക്ക് നല്‍കണം. 21 വയസ്സിന് താഴെയോ 60 വയസ്സിനു മുകളിലോ പ്രായമുള്ള വിദേശികളെ വീട്ടുജോലിക്കായി റിക്രൂട്ട് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല.

ഗാര്‍ഹികമേഖലയിലെ തൊഴില്‍പരമോ അല്ലാത്തതോ ആയ പരാതികള്‍ക്ക് താമസകാര്യ വകുപ്പിന് കീഴിലെ ഡൊമസ്റ്റിക് സെര്‍വന്റ് ഡിപ്പാര്‍ട്ട്‌മെന്റിനെയാണ് സമീപിക്കേണ്ടത്. നിയമനടപടികള്‍ക്ക് തൊഴിലാളികളില്‍ നിന്ന് ഫീസ് ഈടാക്കുകയില്ല. വകുപ്പു മേധാവി പരാതി പരിഗണിച്ച ശേഷം പ്രത്യേക ട്രൈടബ്യൂണലിന്റെ പരിഗണനക്ക് വിടും. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്ന പുതിയനിയമം അന്തര്‍ദേശീയ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുള്ളതാണെന്ന് ഡൊമസ്റ്റിക് ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് അധികൃതര്‍ അറിയിച്ചു.