രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ നിയമനടപടികള്‍ക്ക് വിധേയപ്പെടേണ്ടി വരും; കുവൈത്തില്‍ വിഗ്രാഹാരാധന നടത്തിയ ഇന്ത്യക്കാരനെതിരെ നടപടിക്കൊരുങ്ങുന്നു

single-img
7 November 2016

 

kuwait

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിന്താസ് കടപ്പുറത്ത് വിഗ്രഹാരാധന നടത്തിയ ഇന്ത്യക്കാരനെതിരെ മന്ത്രാലയം ശിക്ഷാ നടപടിക്ക് ഒരുങ്ങുന്നു. കഴിഞ്ഞ ആഴ്ചയാണു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫിന്താസിലെ കടലില്‍ സ്ത്രീ രൂപത്തിലുള്ള വിഗ്രഹം ആരാധിക്കുന്ന ഇന്ത്യക്കാരനെ സ്വദേശി യുവതി കണ്ടതിനെ തുടര്‍ന്ന് ഇവര്‍ ആഭ്യന്തര മന്ത്രാലയത്തിലെ 112 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ സന്ദേശം സ്വീകരിച്ച ജീവനക്കാരന്‍ പരാതി വേണ്ടത്ര ഗൗരവത്തോടെ കണക്കിലെടുത്തില്ലെന്നാണു യുവതി പറയുന്നത്. തുടര്‍ന്ന് ഇവര്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തി പ്രാദേശിക പത്രത്തിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം അല്‍ റായ് ദിനപത്രം ദൃശ്യങ്ങള്‍ സഹിതം ഓണ്‍ലൈന്‍ എഡിഷനിലും ദിനപ്പത്രത്തിലും വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണു സംഭവം വിവാദമായത്. ഇതേ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണു മന്ത്രാലയത്തിലെ ജീവനക്കാരനു എതിരെ നടപടി സ്വീകരിച്ചത്. കൂടാതെ വിഗ്രഹാരാധന നടത്തിയ ഇന്ത്യക്കാരനെ കണ്ടെത്തുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ മതനിയമങ്ങള്‍ക്ക് വിരുദ്ധമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം നവരാത്രി പൂജ നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ കുവൈത്ത് നാടു കടത്തിയിരുന്നു. ഇവരെ വിട്ടയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടക്കമുള്ള ഉന്നതരുടെ ഇടപെടലുകള്‍ പോലും അവഗണിച്ച് കൊണ്ടാണു കുവൈത്ത് ഇവരെ നാടു കടത്തിയത്.