കുട്ടികളിലെ പഠനവൈകല്യങ്ങള്‍ തിരിച്ചറിയാം, പരിഹരിക്കാം

single-img
14 October 2016

ഡോ:ജിസി ഷിബു

16165715കുട്ടികള്‍ പഠനത്തില്‍ മോശമാകുമ്പോള്‍ പലരീതിയിലാണ് മാതാപിതാക്കള്‍ പ്രതികരിക്കുന്നത്.
ചെറുപ്പം മുതലേ നല്ല ബുദ്ധിയുള്ള കുട്ടിയാണ്, ക്രിയാത്മകമായ കഴിവുകള്‍ ഒരുപാടുണ്ട് പാട്ട്പാടുകയും ചിത്രം വരയ്ക്കുകയുമെല്ലാം ചെയ്യും എന്നാലും പഠന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍കഴിയുന്നില്ല, , കുട്ടി നന്നായി കണക്കു ചെയ്യും എന്നാല്‍ വായിക്കാനറിയില്ല മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നായി കൈകാര്യം ചെയ്യാനറിയാം ഇത്തരം പ്രശ്‌നങ്ങളുമായി ഡോക്ടര്‍ക്കു മുന്നില്‍ നിരാശയോടെ ഇരിക്കുന്ന രക്ഷിതാക്കളുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണിപ്പോള്‍. പല രക്ഷിതാക്കളും ഇത്തരംപ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളെ അലസന്‍മാരും മടിയന്‍ മാരും ബുദ്ധിയില്ലാത്തവരുമായി കുറ്റപ്പെടുത്തുകയാവും ചെയ്യുക.
പഠനത്തില്‍ മോശമാകാന്‍ കാരണങ്ങള്‍ പലതാണ് പഠന വൈകല്യം, ബുദ്ധി മാന്ദ്യം, എ.ഡി.എച്ച്.ഡി (ശ്രദ്ധക്കുറവും, പിരിമുറുക്കവും, എടുത്തു ചാട്ടവുമുള്ള ഒരവസ്ഥ), മോശമായ കുടുംബാന്തരീക്ഷം, പഠന രീതിയിലുള്ള പ്രശ്‌നങ്ങള്‍, അമിതമായ ഉത്കണ്ഠയും, വിഷാദ രോഗവും, തുടര്‍ച്ചയായ അപസ്മാരവും അതിന്റെ മരുന്നുകളും ആസ്ത്മ പോലുള്ള ശാരീരിക രോഗങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാം

എന്തൊക്കെയാണ് പഠനവൈകല്യങ്ങള്‍?

ആദ്യകാലങ്ങളില്‍ പഠന വൈകല്യങ്ങള്‍ പൊതുവെ ഡിസ്ലക്സിയ(dyslexia) എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പഠനവൈകല്യങ്ങളെ പൊതുവെ നാലായി തിരിക്കാം.

വായനവൈകല്യം, രചനാവൈകല്യം, ഗണിതശാസ്ത്ര വൈകല്യം, നാമവൈകല്യം.

വായനവൈകല്യം

തപ്പിത്തടഞ്ഞ് വായിക്കുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ട്പോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.

രചനാവൈകല്യം

നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. അക്ഷരം വായിക്കാന്‍ കഴിയാത്തവിധം വികൃതമായിരിക്കുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതുകൊണ്ട് എഴുതുമ്പോള്‍ അനുയോജ്യമായ വാക്കുകള്‍ കിട്ടാതിരിക്കുക.

ഗണിതശാസ്ത്ര വൈകല്യം

കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുത്തും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 46 ല്‍നിന്ന്‍ ഒമ്പത് കുറയ്ക്കാന്‍ പറഞ്ഞാല്‍, ഒമ്പതില്‍നിന്ന്‍ നാല് കുറയ്ക്കുക. എഴുതുമ്പോള്‍ അക്കങ്ങള്‍ തമ്മില്‍ തിരിഞ്ഞു പോകുക അതായത് 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ട് പോകുക. ഉദാ: 3925 എടുത്തെഴുതുമ്പോള്‍ 325 എന്നാകുക.

നാമ വൈകല്യം

പേരുകള്‍ മറന്നു പോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മയില്‍ ഉണ്ടെങ്കിലും അവയുടെ പേര് ഓര്‍ക്കാതിരിക്കുക. തെറ്റായി ഓര്‍ത്തിരിക്കുക. പേര് എഴുതുമ്പോള്‍ തന്നെ സ്ഥിരമായി മാറിപോകുക. ഉദാ: രാഹുല്‍ സിങ് എന്നാണ് ഉത്തരമെങ്കില്‍ രാഹുല്‍ ധവാന്‍ എന്നോ മറ്റോ എഴുതുക.

പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാവൈകല്യങ്ങളും

ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാന്‍ കഴിയാതെ വരിക. ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും. ഒരു കാര്യം ചെയ്യുമ്പോള്‍ മറ്റൊന്ന്‍ ചെയ്യാന്‍തോന്നും. ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യം ഓര്‍മിച്ചുവച്ച് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാല്‍ ഒരുകാര്യം മറന്നുപോകും. കേള്‍വിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാം. നഴ്‌സറി ക്ലാസ്മുതല്‍ കണ്ടു വരുന്ന ഈ സ്വഭാവവിശേഷം പരിഹരിച്ചില്ലെങ്കില്‍ പഠനവൈകല്യമായും പെരുമാറ്റവൈകല്യമായും മാറാനിടയുണ്ട്. പഠനവൈകല്യമുള്ളവര്‍ക്ക് ശ്രദ്ധാവൈകല്യവും ശ്രദ്ധാവൈകല്യമുള്ളവര്‍ക്ക് പഠനവൈകല്യവും ഉണ്ടാകാനിടയുണ്ട്.

മനുഷ്യശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്‌ക കോശങ്ങളില്‍ ഉണ്ടാകുന്ന ചില അസ്വാഭാവികതകളാണ് ഈ വൈകല്യങ്ങള്‍ക്കു കാരണം. ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. ജനിതകപരവും ചില അവസരങ്ങളില്‍ പാരമ്പര്യവുമായി മസ്തിഷ്‌കവളര്‍ച്ചയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിനു കാരണമാകാറുണ്ട്.

കാഴ്ചയില്‍ പെട്ടെന്ന്‍ കാണാനാവാത്ത വൈകല്യങ്ങളായതുകൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, കുട്ടികളിലുള്ള അതീവ ശ്രദ്ധയിലൂടെയേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ആകണമെന്നില്ല. എല്‍കെജി, യുകെജി ക്ലാസുകളിലെയും മറ്റ് എല്‍പി ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠനവൈകല്യം തിരിച്ചറിയാന്‍കഴിയും ഇതിനുള്ള പരിശീലനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്നു അധ്യാപകന്‍ (Special Educator), ശ്രവണ, സംസാര വിദഗ്ധന്‍ (Speech Language Pathologist ), ശിശുരോഗ വിദഗ്ധന്‍ (Paediatrician), ശിശു നാഡീ രോഗ വിദഗ്ദന്‍(Paediatric Neurologist) , മനോരോഗ വിദഗ്ധന്‍ (Psychiatrist) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന്‍ ശാസ്ത്രീയമായി കണ്ടെത്തി തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഈ വൈകല്യങ്ങള്‍ കുറച്ചുകൊണ്ടുവന്ന്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍കഴിയും.

കുട്ടിക്ക് പഠനവൈകല്യമുണ്ടെന്നു തിരിച്ചറിഞ്ഞാല്‍, കുറ്റപ്പെടുത്തുകയോ വഴക്കു പറയുകയോ ചെയ്യാതെ, ആത്മവിശ്വാസം പകരുന്ന രീതിയില്‍ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് അധ്യാപകരും മാതാപിതാക്കളും ചെയ്യേണ്ടത്. തോമസ് ആല്‍വാ എഡിസണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ലിയനാഡോ ഡാവിഞ്ചി, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന വിന്‍സ്റ്റന്റ് ചര്‍ച്ചില്‍ എന്നിവരെല്ലാം ഈ പഠനവൈകല്യം അതിജീവിച്ചവരാണ് .
dr-gisiലേഖിക: ഡോ:ജിസി ഷിബു (ശിശു നാഡീ രോഗ വിദഗ്ദ (Paediatric Neurologist), എസ്.പി ഫോര്‍ട്ട്‌ ഹോസ്പിറ്റല്‍, തിരുവനന്തപുരം)