കോഹ്ലിക്ക് ഇരട്ട സെഞ്ചുറി; രഹാനയ്ക്ക് സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയില്‍

single-img
9 October 2016
ഇന്‍ഡോര്‍ ടെസ്റ്റില്‍ 150 റണ്‍സ് നേടിയ അജിന്‍ക്യ രഹാനയും ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും

ഇന്‍ഡോര്‍ ടെസ്റ്റില്‍ 150 റണ്‍സ് നേടിയ അജിന്‍ക്യ രഹാനയും ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയുടെയും അജിന്‍ക്യ രഹാനയുടെ സെഞ്ചുറിയുടെയും മികവില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യ ശക്തമായ നിലയില്‍. ആദ്യദിനം 267 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ കളി അവസാനിപ്പിച്ച ഇന്ത്യ ഇന്ന് ഇതുവരെ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 456 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലാണ്.

ഇന്നലെ കോഹ്ലി 103ഉം രഹാന 79ഉം റണ്‍സുകള്‍ വീതമാണ് എടുത്തിരുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡ് ബൗളിംഗിനെ പിച്ചി ചീന്തിയ നാലാം വിക്കറ്റ് സഖ്യം 356 റണ്‍സാണ് ഇന്ന് ചായയ്ക്ക് പിരിയിയുന്നതുവരെ എടുത്തിരിക്കുന്നത്. ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുന്ന രഹാനയും കോഹ്ലിയും തങ്ങളുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച വ്യക്തിത സ്‌കോറാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. രഹാന നാല് സിക്‌സറുകളുടെയും 14 ഫോറുകളുടെയും അകമ്പടിയോടെ നിലവില്‍ 161 റണ്‍സ് നേടി കഴിഞ്ഞു. കോഹ്ലി 19 ഫോറുകളുടെ ബലത്തില്‍ 207 റണ്‍സാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്.

മത്സരം ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത് കിവീസിനെ ബാറ്റിംഗിനയയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം വിരാട് കോഹ്ലി ടെസ്റ്റില്‍ നേടുന്ന രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണ് ഇന്‍ഡോറിലേത്. ക്യാപ്റ്റനായിരിക്കുമ്പോള്‍ രണ്ട് ഇരട്ട സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതിയും ഇനി കോഹ്ലിക്ക് സ്വന്തം.