പാകിസ്ഥാനെ പിന്തള്ളി ഒന്നാമനായി ഇന്ത്യ; ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റും പരമ്പരയും ഇന്ത്യയ്ക്ക്

single-img
3 October 2016
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് വിജയിച്ച ശേഷം പരസ്പരം അഭിനന്ദിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അജിന്‍ക്യ രഹാനയും

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് വിജയിച്ച ശേഷം പരസ്പരം അഭിനന്ദിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അജിന്‍ക്യ രഹാനയും

കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കില്‍ അഞ്ഞൂറാം മത്സരവും സ്വന്തം മണ്ണിലെ ഇരുനൂറ്റി അമ്പതാം ടെസ്റ്റ് മത്സരവും ജയിച്ച് ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് റാങ്കില്‍ ബദ്ധവൈരികളായ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

രണ്ടാം ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. 178 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ ദയനീയമായി തോല്‍പ്പിച്ചത്. സ്‌കോര്‍ ഇന്ത്യ 316 & 263, ന്യൂസിലാന്‍ഡ് 204 & 197

ഹോം ഗ്രൗണ്ടില്‍ നിന്നു കൊണ്ട് ടോസ് നേടി ഇന്ത്യയാണ്് ആദ്യം കളിക്കാനിറങ്ങിയത്. ഇന്ത്യയുടെ വിജയ കുതിപ്പിന് കരുത്തേകിയത് ഇന്ത്യന്‍ ബൗളര്‍മാരുടെ അത്യുഗ്രന്‍ പ്രകടനമായിരുന്നു. അത് കിവീസിന്റെ ബാറ്റിങ്ങിനെ തകര്‍ത്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കു വേണ്ടി അശ്വിന്‍, ഷാമി, ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. കളിയില്‍ മാന്‍ ഓഫ് ദി മാച്ച് വൃദ്ധിമാന്‍ സാഹയാണ്. രണ്ട് ഇന്നിംഗ്‌സിലുമായി രണ്ടു ഫിഫ്റ്റിയാണ് സാഹ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനവും ജയത്തില്‍ നിര്‍ണായകമായി. ആദ്യ ഇന്നിംഗ്‌സിലും ഷാമി മൂന്ന് വിക്കറ്റ് നേടിയിരുന്നു.

കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ന്യൂസിലാന്‍ഡ് പ്രതിരോധത്തിന് മങ്ങലേറ്റു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന് പരിക്കേറ്റതോടെ രണ്ടാം ടെസ്റ്റ് നയിക്കാനുള്ള നിയോഗം റോസ് ടെയ്ലര്‍ക്കായി. മൂന്നാം ടെസ്റ്റ് ഏട്ടിന് ഇന്‍ഡോറില്‍ വെച്ച് നടക്കും.