ലണ്ടന്‍ ഒളിംപിക്‌സിൽ വെള്ളി നേടിയ താരം  നിരോധിത മരുന്ന് ഉപയോഗിച്ചത് കണ്ടെത്തി;യോഗേശ്വറിന്റെ  ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ വെള്ളിയായേക്കും

single-img
30 August 2016

14139206_591383037737069_1223661544_o2012 ലണ്ടൻ ഒളിമ്പിക്സിൽ പുരുഷൻമാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടിയ യോഗേശ്വർ ദത്തിെൻറ വെങ്കലം വെള്ളി മെഡലാവാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ലോക ഉത്തേജക വിരുദ്ദ ഏജൻസി നടത്തിയ പരിശോധനയിൽ ലണ്ടനിൽ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണിത്. നാലുതവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവുമായ ബെസിക് 2013ൽ റഷ്യയിലുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

റിയോ ഒളിംപിക്‌സിന് മുന്നോടിയായാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി വീണ്ടും പരിശോധന നടത്തിയത്. ലണ്ടന്‍ ഒളിംപിക്‌സ് സമയത്ത് ശേഖരിച്ച സാംപിളാണ് ഇതിനായി ഉപയോഗിച്ചത്. കുഡുഖോവ് ഉള്‍പ്പെടെ അഞ്ചു ഗുസ്തി താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

യോഗേശ്വറിന്റെ മെഡലില്‍ മാറ്റമുണ്ടായെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗുസ്തി അസോസിയേഷനും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമാണ് ഇക്കാര്യം അറിയിക്കേണ്ടത്. ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ സുശീല്‍ കുമാറും വെള്ളി മെഡല്‍ നേടിയിരുന്നു.