ഇന്ത്യൻ ഒളിമ്പിക് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയ ഒ.പി.ജയ്ഷക്കെതിരേ അത്‌ലറ്റിക്‌സ് ഫെഡറേഷൻ;വെള്ളം വേണമെന്ന് ജയ്ഷ ആവശ്യപ്പെട്ടില്ലെന്ന് ഫെഡറേഷൻ

single-img
23 August 2016

494183-op-jaishaഒളിംപിക് മാരത്തണില്‍ പങ്കെടുത്തപ്പോള്‍ വെള്ളം കിട്ടാതെയാണ് കുഴഞ്ഞുവീണതെന്ന മലയാളി അത്‌ലിറ്റ് ഒ.പി.ജയ്ഷയുടെ ആരോപണത്തിന് മറുപടിയുമായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. പ്രത്യേകം കുടിവെള്ളം ആവശ്യമുണ്ടെന്ന് ജയ്ഷ ഒഫീഷ്യലുകളെ അറിയിച്ചില്ല എന്നാണ് ഫെഡറേഷന്റെ ന്യായീകരണം. മല്‍സരാര്‍ത്ഥികള്‍ക്ക് വെള്ളം വിതരണം ചെയ്യേണ്ട ചുമതല സംഘാടകര്‍ക്കാണ്. അതിനുള്ള സൗകര്യം മാരത്തണിലുടനീളം ഒരുക്കിയിരുന്നതായും ഫെഡറേഷൻ അധികൃതർ പറയുന്നു.മുന്‍കൂട്ടിയുള്ള അനുമതി നേടിയാലേ മല്‍സരത്തിനിടെ ഒഫീഷ്യലുകള്‍ക്ക് കുടിവെള്ള വിതരണം നടത്താന്‍ കഴിയൂവെന്നും ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വല്‍സന്‍ പറഞ്ഞു. ഓരോ എട്ടു കിലോമീറ്റര്‍ കൂടുമ്പോഴാണു ഒളിംപിക് സംഘാടകര്‍ വെള്ളം ക്രമീകരിച്ചിരുന്നതെന്നാണ് ജയ്ഷയുടെ വാദം. പിന്നീട് മറ്റ് മല്‍സരാര്‍ഥികള്‍ക്ക് ഒപ്പമുളള ഒഫിഷ്യലുകളാണ് വെളളം നല്‍കിയതെന്നും തനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നും ജയ്ഷ കുറ്റപ്പെടുത്തിയിരുന്നു.

42 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തണിൽ പങ്കെടുത്ത ജെയ്ഷ തളർന്നുവീണിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ജെയ്ഷക്ക് ബോധം വന്നത്. കുടിവെള്ളം, ഗ്ലൂക്കോസ്, എനർജി ജെല്ലുകൾ എന്നിവ മാരത്തൺ താരങ്ങൾക്ക് അതാത് രാജ്യങ്ങൾ നൽകാറുണ്ട്. ഓരോ രണ്ടര കിലോമീറ്റർ പിന്നിടുമ്പോഴും താരങ്ങൾക്ക് ഇവ നൽകും. എന്നാൽ, മാരത്തൺ ഒാടുന്ന നിരത്തുകളിലുള്ള ഇന്ത്യൻ െഡസ്കുകൾ കാലിയായിരുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറുകളിൽനിന്ന് കുടിവെള്ളവും മറ്റും എടുക്കുന്നത് അയോഗ്യയാക്കപ്പെടാനും ഇടയാക്കും. ജെയ്ഷക്ക് ഒരുപരിധിവരെ സഹായകരമായത് ഒളിംപിക് കമ്മിറ്റി തയാറാക്കിയ ഡെസ്ക്കുകളാണ്.എട്ടു കിലോമീറ്റർ പിന്നിടുമ്പോൾ മാത്രമേ അവ ലഭ്യമാകുകയുള്ളൂ.]

30 കിലോമീറ്റർ പിന്നിട്ടതോടെ ഇനി ഓടാനാവാത്ത അവസ്ഥയിലായിരുന്നുവെന്നും ജയ്ഷ വെളിപ്പെടുത്തി. ‘അത്രയും ചൂടിൽ അത്രയും ദൂരം ഓടുമ്പോൾ നിങ്ങൾക്ക് വളരെയധികം വെള്ളം ആവശ്യമാണ്. മറ്റു അത്ലറ്റുകൾക്ക് വഴിയിൽ ഭക്ഷണം ലഭിച്ചിരുന്നു. തനിക്ക് ഒന്നും ലഭിച്ചില്ല. ഒറ്റ ഇന്ത്യൻ പതാക കാണാൻ പോലും തനിക്ക് കഴിഞ്ഞില്ല- ജെയ്ഷ വ്യക്തമാക്കി. യഥാർഥത്തിൽ മാരത്തൺ മത്സരത്തിൽ പങ്കെടുക്കാൻ താൻ ആഗ്രഹിച്ചില്ല എന്നും ജെയ്ഷ വെളിപ്പെടുത്തി. താൻ 1500 മീറ്റർ ഒാട്ടത്തെയാണ് ഇഷ്ടപ്പെടുന്നത്. മാരത്തൺ തനിക്ക് ഇഷ്ടമല്ല. ആളുകൾ പണത്തിനായി മാരത്തോൺ ഒാടുന്നു. തനിക്ക് പണത്തോട് താത്പര്യമില്ലെന്നും മലയാളി താരം പറഞ്ഞു.

റിയോയില്‍നിന്ന് തിരിച്ചെത്തിയ ജയ്ഷ, പനിയും ചുമയും മൂലം സഹോദരിക്കൊപ്പം ബംഗളൂരുവില്‍ വിശ്രമത്തിലാണ്.