ക്രിമിനല്‍ അപകീര്‍ത്തി നിയമം ഭരണഘടനാ വിരുദ്ധമല്ല

single-img
13 May 2016

Supreme Court of India--621x414--621x414

ക്രിമിനൽ അപകീർത്തി നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി. 499,500 വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‌ജ്‌രിവാൾ, ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി എന്നിവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
അഭിപ്രായ സ്വാതന്ത്ര്യം അനിയന്ത്രിതമല്ലെന്ന് പറഞ്ഞ കോടതി അപകീര്‍ത്തി നടപടി ഒരിക്കലും അഭിപ്രായ സ്വതന്ത്രത്തെ മരവിപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.മറ്റൊരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറ്റം പാടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം അനിയന്ത്രിത സ്വാതന്ത്ര്യം അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റുള്ളവരുടെ അന്തസ്സ് ഹനിക്കാന്‍ പാടില്ല. ഏതൊരാളുടേയും അന്തസ്സ് ഉറപ്പാക്കുന്ന ഭരണഘടനാപരമായ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന് പരസ്പര ബഹുമാനം അനിവാര്യമാണ്. അഭിപ്രായ സ്വാതന്ത്ര്യമെന്നതുകൊണ്ട് ആരുടേയും അന്തസ്സ് ഇടിച്ചുതാഴ്ത്താമെന്നല്ല അര്‍ത്ഥമെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ മാനനഷ്ടക്കേസുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ സമന്‍സുകള്‍ അയക്കുന്നതില്‍ മജിസ്‌ട്രേറ്റമാര്‍ ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി. 2015 ഓഗസ്റ്റില്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഒന്നര വര്‍ഷത്തിനു ശേഷം കോടതി വിധി പറഞ്ഞത്.
അതേസമയം, ഹര്‍ജിക്കാര്‍ക്കെതിരെ നിലനിന്നിരുന്ന അപകീര്‍ത്തി കേസുകള്‍ സ്‌റ്റേ ചെയ്ത കോടതി എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ എട്ട് ആഴ്ചത്തെ സമയവും അനുവദിച്ചു.
അപകീര്‍ത്തികേസുകള്‍ ക്രിമിനല്‍ നടപടി ക്രമത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ അടക്കം നിരവധി മാധ്യമ സ്ഥാപനങ്ങള്‍ ഉന്നയിച്ചുവരുന്ന ആവശ്യത്തിന് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി.