സ്ത്രീകളില്‍ കാന്‍സര്‍ സാധ്യത പതിന്മടങ്ങാകുന്നു; 2025 ഓടെ വര്‍ഷം തോറും അഞ്ചു ലക്ഷം കാന്‍സര്‍ മരണങ്ങള്‍ക്ക് സാധ്യത

single-img
13 May 2016

cancer
നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്(എന്‍.സി.ഐ.)-ഉം യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് -ഉം സംയുക്തമായി നടത്തിയ ഗവേഷണമനുസരിച്ച് ലോകത്തിലെ ഓരോ 13 കാന്‍സര്‍ രോഗികളിലും ഒരാള്‍ ഇന്ത്യക്കാരനാണ്. അതില്‍ത്തന്നെ സ്തനം, ഗര്‍ഭാശയഗളം, വായ് എന്നിവിടങ്ങളിലെ കാന്‍സറാണ് ഏറ്റവും മുന്നിലുള്ളത്.
ഓരോ വര്‍ഷവും രാജ്യത്ത് 12.5 ലക്ഷം പുതിയ കാന്‍സര്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 7 ലക്ഷത്തോളം സ്തീകളാണെന്ന് ഡല്‍ഹിയിലെ പ്രമുഖ കാന്‍സര്‍ വിദഗ്ധന്‍ രംഗറാവു രംഗരാജന്‍ പറയുന്നു. ഓരോ വര്‍ഷവും മൂന്നര ലക്ഷം സ്ത്രീകള്‍ കാന്‍സര്‍ പിടിപെട്ട് മരണത്തിന് കീഴടങ്ങുന്നു. 2025 ഓടെ ഇത് നാലരലക്ഷമാകും.

 
ഉറക്കമില്ലായ്മ, വ്യായാമക്കുറവ്, ജോലിസമ്മര്‍ദ്ദം, പുകവലി, മദ്യപാനം എന്നിവ സ്ത്രീകളിലെ രോഗസാധ്യത വര്‍ധിപ്പിക്കുന്നു. താമസിച്ചുള്ള വിവാഹവും ഹോര്‍മോണ്‍ ഉപയോഗിച്ചുള്ള വധ്യതാചികിത്സയും മറ്റൊരു കാരണമാണ്. ഐ.വി.എഫ്. (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍)ചികിത്സാരീതികളുടെ ഭാഗമായി ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ അമിതമായി നല്‍കിക്കൊണ്ടുള്ള ചികിത്സാരീതി സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 
കൃത്യമായ വ്യായാമം, ശരിയായ ജീവിതരീതികള്‍, ശരീരഭാര നിയന്ത്രണം, സുരക്ഷിത ലൈഗിംകബന്ധം എന്നിവയിലൂടെ കാന്‍സറിനെ ഒരു പരിധി വരെ അകറ്റി നിറുത്തുവാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 35 വയസു കഴിഞ്ഞ എല്ലാ സ്ത്രീകളും എല്ലാ വര്‍ഷവും വാര്‍ഷിക ചെക്കപ്പുകള്‍ക്ക് വിധേയമാകുന്നത് മികച്ച പ്രതിരോധമാര്‍ഗമാണ്. ഫലപ്രദമായ ബോധവത്കരണം രോഗപ്രതിരോധത്തിനും നിര്‍ണയത്തിനും സഹായകമാകുന്നു. നേരത്തേ രോഗം കണ്ടെത്തി ചികിത്സ തുടങ്ങാന്‍ ഇതു സഹായകമാകുമെന്നതിനാല്‍ രക്ഷപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.