നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കെ.പി.എ.സി ലളിത പിന്‍മാറുന്നു

single-img
21 March 2016

00204_185631

കെപിഎസി ലളിത മത്സരിക്കുന്നതില്‍ നിന്നും പിന്മാറുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, കാല്‍മുട്ടിന് വേദന ഉള്ളതിനാല്‍ പ്രചാരണത്തിനിറങ്ങാനാകില്ലെന്നും കെ.പി.എ.സി ലളിത അറിയിച്ചതായാണ് വിവരം. കൂടാതെ കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിനായി മുന്നേ ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഷൂട്ടിംഗിന് പങ്കെടുക്കണമെന്നും അവര്‍ സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഇതുവരെ സിപിഐഎം യാതൊരുവിധ മറുപടിയും കെപിഎസി ലളിതയ്ക്ക് നല്‍കിയിട്ടില്ല. ഇന്നുരാവിലെയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കെപിഎസി ലളിത വരുന്നത് സന്തോഷകരമാണെന്നും ഇടത് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇത് മികവ് നല്‍കുമെന്നും പറഞ്ഞിരുന്നു.

വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ പേര് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുകേട്ടപ്പോള്‍ മുതല്‍ വ്യാപക പോസ്റ്റര്‍ പ്രചരണങ്ങളും, കൂടാതെ കഴിഞ്ഞ ദിവസം അന്‍പതോളം പ്രവര്‍ത്തകരുടെ പ്രകടനവും ലളിതയ്ക്ക് എതിരെ നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റമെന്നാണ് സൂചന.