കിണറില്‍ വീണ മൂന്നുവയസ്സുകാരനെ ജീവന്‍പണയംവെച്ച് രക്ഷിച്ച് സുസന്ത് എന്ന ബംഗാള്‍ സ്വദേശി

single-img
9 February 2016

Bangali

അന്യദേശത്തുനിന്നും തൊഴില്‍തേടി കേരളത്തിലെത്തുന്നവരെ ബംഗാളികള്‍ എന്നാണ് നാട്ടുകാര്‍ വളിക്കുക. പക്ഷേ അതില്‍ പലരും ബംഗാളികളാകണമെന്നില്ല. അസം, ഉത്തര്‍പ്രദേശ് അങ്ങനെ ഉത്തരേന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും വരുന്നവരുണ്ട്. എന്നാല്‍ സുസസന്ത് ഒരു ബംഗാളി തന്നെയാണ്. 45 അടി താഴ്ചയുള്ള കിണസ്സില്‍ രണ്ടാള്‍പ്പൊക്കം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന നിവേദ് എന്ന കുട്ടിയെ മുന്‍പരിചയമേതുമില്ലാതെ കിണറ്റിലിറങ്ങി രക്ഷിച്ച ഒരു തനി ബംഗാളി.

കൊല്ലം ചണ്ണപ്പേട്ടയ്ക്കു സമീപം താഴേമീന്‍കുളം വിനോദ് ഭവനില്‍ വിനോദിന്റെയും സജിനിയുടെയും ഏകമകന്‍ നിവേദാണ് കഴിഞ്ഞ ജനുവരി 28 വൈകിട്ട് കിണറ്റില്‍ പതിച്ചത്. മുറ്റത്തു കളിച്ചു ചിരിച്ചു നടന്ന നിവേദിനെ കാണാതായതിനെ തുടര്‍ന്ന് അമ്മയും പരിസരവാസികളും നടത്തിയ അന്വേഷണരത്തിലാണ് നിവേദ് അടുത്തുള്ള കിണറ്റില്‍ പതിച്ചകാര്യം അറിഞ്ഞത്.

രണ്ടാള്‍പ്പൊക്കമുള്ള കിണറ്റില്‍ മുങ്ങിപ്പൊങ്ങുന്ന നിവേദിനെ രക്ഷിക്കാന്‍ പക്ഷേ ഓടിക്കൂടിയവരാരും തയ്യാറായില്ല. ആ സമയത്താണ് ബംഗാളിയായ സുസന്ത് എന്ന ഇരുപത്തിരണ്ടുകാരന്‍ അവിടെ എത്തിയത്. അപകടത്തിന്റെ ഗൗരവം മനസ്സിലാക്കിയ സുസന്ത് കിണറ്റില്‍ ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും കുരുന്നിനെ രക്ഷിക്കാന്‍ തയ്യാറാകുകയായിരുന്നു.

തന്റെ അരയില്‍ കയര്‍ ചുറ്റി മറ്റെ അറ്റം കരയില്‍ നിന്നവരെ ഏല്‍പ്പിച്ചു സുസസന്ത് കിണറിലേക്ക് ഇറങ്ങി. ഏറെ പണിപ്പെട്ടു കുഞ്ഞിനെ വെള്ളത്തില്‍നിന്ന് എടുത്ത് തോളില്‍ കിടത്തി അതി സാഹസികമായി അദ്ദേഹം മുകളിലേക്ക് വന്നു. മുകളിലെത്തിയശേഷം കുഞ്ഞിനെ കയ്യില്‍ വാങ്ങിയ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് അയല്‍വാസിയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ ജോബി എത്തിയത്. ജോബി കുഞ്ഞിന് പ്രഥമ ശുശ്രൂഷ നല്‍കിയപ്പോള്‍ ജോബിയുടെ ഭര്‍ത്താവ് ഷിജു സ്വന്തം കാറുമായി എത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വിദഗ്ധരുടെ ചികിത്സ കഴിഞ്ഞ നാട്ടുകാരുടെ പ്രാര്‍ത്ഥനപോലെ നിവേദ് മിടുക്കനായി തിരിച്ചെത്തി. ആശുപത്രിയില്‍ എത്തിച്ച സമയത്ത് ജോബി നല്‍കിയ പ്രഥമ ശുശ്രൂഷയാണു ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചതെന്ന് ഡോക്ടര്‍മാര്‍ പിന്നീട് വ്യക്തമാക്കി. എന്നാല്‍ താനുമായി യാതൊരു ബന്ധവുമില്ലാത്ത കുഞ്ഞിനുവേണ്ടി ജീവന്‍ പണയപ്പെടുത്തി കിണറ്റിലിറങ്ങിയ സുസന്തിനെ നാട്ടുകാര്‍ ഇന്നും നന്ദിയോടെയാണ് ഓര്‍ക്കുന്നത്.

കെട്ടിട നിര്‍മാണ തൊഴിലാളിയായ സുസന്ത് അപകടം നടന്ന സ്ഥലത്തിനു സമീപം ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയതായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേദിവസം സുസന്ത് ജോലിക്കായി മറ്റൊരിടത്തേക്ക് പോയിരുന്നു. ഭാഷ പ്രശ്‌നമായതിനാല്‍ പലര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാല്‍ ഒരുവട്ടം കൂടി സുസന്തിന്റെ വരവും കാത്തിരിക്കുകയാണ് ഈ നാട്ടുകാര്‍.