എന്താണു സിക വൈറസ്;സിക വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാം

single-img
6 February 2016

Zika-Virus-headerഡെങ്കുവും ചിക്കന്‍ഗുനിയയും പരത്തുന്ന ഈഡീസ് കൊതുകുകള്‍ വഴി പരത്തുന്ന പകര്‍ച്ച വ്യാധിയാണ് സിക വൈറസ്. ഗര്‍ഭിണികളായ സ്ത്രീകളില്‍ നിന്നും നവജാത ശിശുവിന്റെ തലയോട്ടി ചുരുങ്ങുന്ന മൈക്രോ സെഫാലി എന്ന ഗുരുതര അസുഖം ബാധിക്കുകയും ചെയ്യുന്നതുമൂലം ഈ പകര്‍ച്ചവ്യാധിയെ വളരെ അപകടകാരിയായി കണക്കാക്കേണ്ടതാ യിരിക്കുന്നു. 1947 ല്‍ ആഫ്രിക്കയിലെ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് സിക വൈറസ് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ ഇത്ര വ്യാപകമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത് 2014 മുതല്‍ വടക്ക് കിഴക്കന്‍ ബ്രസീലിലാണ്. മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചില ദ്വീപ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

24 രാജ്യങ്ങളില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോരളത്തിലോ ഇന്ത്യയിലോ സിക വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യവും കൊതുകുകളുടെ ശക്തമായ സാന്നിദ്ധ്യവും അപായ സൂചനയാണ്. സിക ബാധിത പ്രദേശങ്ങളിലേക്ക് യാത്ര നടത്തരുതെന്ന് ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശെ നല്‍കിയിട്ടുണ്ട്. നവജാതശിശുവിനെ ബാധിക്കുന്നതിനൊപ്പം ഗര്‍ഭിണികള്‍ക്കും ഗുരുതരരോഗങ്ങള്‍ ഉള്ളവര്‍ക്കും വൈറസ് അപകടകാരിയാണ്.

സിക വൈറസ് തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ രോഗം വരാതെ പ്രതിരോധിക്കാനുള്ള ശക്തമായ പ്രതിരോധമാണ് ഗര്‍ഭിണികള്‍ സ്വീകരിക്കേണ്ടത്. ഗര്‍ഭിണികളായ സ്ത്രീകള്‍ ഉള്ള വീടുകളിലും മറ്റും കൊതുകുകള്‍ വളരാനുള്ള സാഹചര്യം പൂര്‍ണ്ണമായി ഒഴിവാക്കണം. കൊതുകുകടി ഒഴിവാക്കുന്നതിനുവേണ്ടി ശരീരഭാഗങ്ങള്‍ പരമാവധി മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കൊതുക് വീടിന് അകത്ത് കയറാതെ ജനാലകളും വാതിലുകളും അടച്ചിടുക. രാത്രിയില്‍ പരമാവധി കൊതുകു വലകളും ഉപയോഗപ്പെടുത്തുക.
സിക വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുകയാണെന്ന് ലോകാരോഗ്യ-സംഘടന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ചെറിയ തോതിലുള്ള പനി, സന്ധികള്‍ക്കുണ്ടാകുന്ന വേദന, ചൊറിച്ചില്‍ ശരീരത്തിലൂണ്ടാകുന്ന പാടുകള്‍, കണ്ണുകളില്‍ ഉണ്ടാകുന്ന അണുബാധയും വേദനയും, തലവേദന എന്നിവ സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ആണ്. ഇത്തരം രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് രക്ത പരിശോധനയിലൂടെ സിക വൈറസ് ബാധ ഉണ്ടോ എന്ന് കണ്ടെത്താവുന്നതാണ്. ധാരളം വെള്ളം കുടിക്കുന്നതും പാരസിറ്റമോള്‍ ഉപയോഗിക്കുന്നതും രോഗ ലക്ഷണങ്ങള്‍ കുറക്കുന്നതിനും സഹായിക്കും.

 

[quote]കിംസ് ഹോസിപിറ്റൽ കൊച്ചിയിലെ ഗൈനക്കോളജിസ്റ്റാണു ലേഖിക[/quote]