മണലാരണ്യത്തില്‍ വിശപ്പിന്റെ വിളികേള്‍ക്കുന്ന മലയാളിക്കൂട്ടം

single-img
30 January 2016

image

ദോഹ: അങ്ങ് മണലാരണ്യത്തില്‍ വിശപ്പിന്റെ വിളികേള്‍ക്കുന്ന മലയാളിക്കൂട്ടം. വിശപ്പുള്ളവര്‍ക്ക് കൈയ്യില്‍ പൈസ ഇല്ലെങ്കിലും സല്‍വാ റോഡ് പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തെ ഷര്‍വ റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങാം. വിശപ്പിന് മുന്നില്‍ ഈ ഹോട്ടലിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നത് വിശപ്പിന്റെ വില അറിയുന്ന മൂന്ന് മലയാളികളാണ്. തൃശ്ശൂര്‍ കുന്നംകുളം പുന്നയൂര്‍ക്കുളം ചമ്മന്നൂരിലെ ഹുസൈന്‍ മുഹമ്മദ്, കൊല്ലം പറവൂര്‍ നെല്ലേറ്റില്‍ ജവഹര്‍, കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ ഷാജു എന്നിവരാണ്  ഹോട്ടലിന്റെ നടത്തിപ്പുകാര്‍.

ഭക്ഷണം വാങ്ങാന്‍ പണമില്ലാതെ ആരും വിശന്ന് തളരരുത് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉയര്‍ന്നതെന്ന് മൂവരും ഒരേ സ്വരത്തില്‍ പറയുന്നു. ലാഭത്തില്‍ നിന്ന് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ നീക്കിവെച്ചാണ് വിശപ്പ് മാറ്റാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വന്ന് എത് ഭക്ഷണവും കഴിക്കാം. ഒറ്റ നിബന്ധനമാത്രം. കഴിക്കുന്നതിന് മുമ്പ് ഉത്തരവാദപ്പെട്ടവരോട് അക്കാര്യം പറയണം. ജീവിതത്തില്‍ ഒരാളുടെ വിശപ്പ് മാറ്റാന്‍ കഴിയുന്നതിലും നല്ല പ്രവൃര്‍ത്തി മറ്റ് എന്താണുള്ളതെന്ന് ഹുസൈനും ജവഹറും ഷാജിയും ചോദിക്കുന്നു.

image (1)

‘വിശക്കുന്നവര്‍ക്ക് പൈസയില്ലെങ്കിലും ഭക്ഷണം കഴിച്ച് പോകാം’ എന്ന ബോര്‍ഡ് ചില ഫെയ്‌സ് ബുക്ക് പേജുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം പതിനായിരത്തിലേറെ ലൈക്ക് കിട്ടിക്കഴിഞ്ഞു അതിന്.  മലയാളികളും ഇന്ത്യക്കാരും സൗജന്യ ഭക്ഷണം കഴിക്കാന്‍ എത്തുന്നത് വളരെ കുറവാണ്. പട്ടിണി കിടക്കേണ്ടി വന്നാലും സൗജന്യ ഭക്ഷണം കഴിക്കാന്‍ അഭിമാനം സമ്മതിക്കാത്തതിനാലായിരിക്കണം അതെന്ന് മൂവരും പറയുന്നു. സുഡാനികളും ബലൂചിസ്താനികളും ഇറാനികളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ഒരു ദിവസം ഉണ്ടാക്കുന്ന ഭക്ഷണം അന്ന് തന്നെ തീര്‍ക്കുകയെന്നതാണ് ഷര്‍വയുടെ മറ്റൊരു പ്രത്യേകത. സൗജന്യ ഭക്ഷണപദ്ധതി അതിന് സഹായകമാകുന്നതായും നടത്തിപ്പുകാര്‍ പറയുന്നു. പാവപ്പെട്ട തൊഴിലാളികള്‍ ഏറെ താമസിക്കുന്ന വ്യവസായ മേഖലയിലെ ലേബര്‍ സിറ്റി മാര്‍ക്കറ്റില്‍ ‘ഉസ്താദ് ഹോട്ടല്‍’ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഹുസൈനും ജവഹറും ഷാജുവും.