200 രൂപ മുടക്കിയാല്‍ ഒരു മണിക്കൂര്‍ നേരം ഇടുക്കി ഡാമില്‍ ബോട്ട് യാത്ര ചെയ്യുവാനുള്ള സൗകര്യം വരുന്ന 19 ന് ഉദ്ഘാടനം ചെയ്യുന്നു

single-img
15 December 2015

boat-journey-kulamavu

ഇടുക്കി അണക്കെട്ടില്‍ ഇനിമുതല്‍ ബോട്ട് യാത്രയ്ക്ക് അവധിദിവസത്തിനായി കാത്തിരിക്കേണ്ട. ഇടുക്കി വനം – വന്യജീവി വകുപ്പാണ് അണക്കെട്ടിലെ സാഹസികയാത്രയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇക്കോ ടൂറിസം വകുപ്പ് ഇതിനായി പതിനെട്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് അണക്കെട്ടില്‍ എത്തിച്ചിരിക്കുന്നത്.

ഒരുമണിക്കൂര്‍ സമയം അണക്കെട്ടിലെ ഓളപ്പരപ്പില്‍ ഉല്ലസിക്കാന്‍ ഒരാള്‍ക്ക് 200 രൂപയാണ് ടിക്കറ്റുനിരക്ക്. തിരക്കു കുറവുള്ളപ്പോള്‍ പത്തുപേരെങ്കിലും ഉണെ്ടങ്കില്‍ ബോട്ട് സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ബോട്ട് യാത്ര ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കു സമീപത്തുകൂടി സഞ്ചരിച്ച് നൂറുപറയിലെത്തി തിരികെ ബോട്ട്‌ലാന്‍ഡിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും അണക്കെട്ടില്‍ ബോട്ട് സര്‍വീസിനുള്ള സൗകര്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇടുക്കി റിസര്‍വോയറിലെ വന്യമൃഗങ്ങളെ വളരെ അടുത്തുകാണുന്നതിനായി അണക്കെട്ടിലൂടെ പരമാവധി പന്ത്രണ്ട് കിലോമീറ്റര്‍ വേഗതയിലാണ് ബോട്ട് ഓടിക്കുന്നത്. ബോട്ടില്‍ സ്രാങ്കും ലാസ്‌ക്കറും ഉണ്ടാവും.

പൈനാവ് വെള്ളാപ്പാറയില്‍ സന്ദര്‍ശകര്‍ക്കായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയില്‍ വെള്ളാപ്പാറയില്‍ റോഡരുകില്‍ നിര്‍മിച്ചിരിക്കുന്ന ടിക്കറ്റ് കൗണ്ടറും ആകര്‍ഷണീയമാണ്. സന്ദര്‍ശകര്‍ക്കായി പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൗണ്ടറിനോടുചേര്‍ന്ന് കരകൗശല വസ്തുക്കളുടെ വില്‍പനശാലയും ലഘുഭക്ഷണ ശാലയും തയാറാക്കും. വരുന്ന 19-ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.