ചെന്നൈയില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനായി ആലപ്പുഴയില്‍ നിന്നും പുറപ്പെട്ട ആനവണ്ടിയിലൂടെ ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ കുടിവെള്ളവും മരുന്നും ഭക്ഷണവുണമായി വഴിനീളെ ജനങ്ങള്‍ കാത്തുനിന്നു

single-img
7 December 2015

Chennai Bus

ആലപ്പുഴ: നുറ്റാണ്ടിലെ പ്രളയത്തില്‍ മുങ്ങിയ ചെന്നൈ ജനതയെ ജീവിത്തത്തിലേക്ക് പിടിച്ചുയര്‍ത്താന്‍ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ജനത പരിശ്രമിക്കുകയാണ്. അതില്‍ പങ്കുചേരാന്‍ ആലപ്പുഴയില്‍ നിന്നുമൊരു ആനവണ്ടിയും ചെന്നൈയിലേക്ക് തിരിച്ചു. ആലപ്പുഴ കെ.എസ.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം പുറപ്പെട്ട കെഎല്‍ 15 എ 728 ബസിന്റെ കാരുണ്യയാത്ര തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിയോടെ ചെന്നൈയിലെത്തുന്നതു നാട്ടുകാരും കെഎസ്ആര്‍ടിസി ജീവനക്കാരും സമാഹരിച്ച വെള്ളവും ഭക്ഷണവും മരുന്നും കൊണ്ടാണ്. ബസിലുള്ള നാലു ജീവനക്കാരും ഈ യാത്രയ്ക്കു ശമ്പളം വാങ്ങാതെ സേവന സന്നദ്ധരായി മുന്നോട്ടു വന്നവരാണ്. ഇവര്‍ക്കു പിന്തുണയുമായി കെഎസ്ആര്‍ടിസി പ്രേമികളുടെ ബ്ലോഗ് പേജ് ആയ ‘ആനവണ്ടി’യുടെ പ്രവര്‍ത്തകരുമുണ്ട്.

ഒരു പകല്‍ കൊണ്ടാണ് ആലപ്പുഴ-ചെന്നൈ പ്രത്യേക ബസ് സര്‍വീസ് നടത്താമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തീരുമാനിച്ചത്. ചെന്നൈയിലേക്ക് സഹായമെത്തിക്കുന്നതിനു പുറമെ അവിടെ കുടുങ്ങിക്കിടക്കുന്നവര്‍ക്കു നാട്ടിലേക്കു സൗജന്യ സര്‍വീസ് നടത്തുകയെന്ന ലക്ഷ്യവും ഈ യാത്രയ്ക്ക് പിന്നിലുണ്ട്.

ചെന്നൈയിലെ ദുരിതബാധിതര്‍ക്കായി എന്തു ചെയ്യാന്‍ കഴിയുമെന്ന ചിന്തയെ തുടര്‍ന്നാണ് ആലപ്പുഴയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒരു റസ്‌ക്യു ബസ് ഓടിക്കാമെന്നു തീരുമാനിച്ചത്. തുടര്‍ന്നു ഡിടിഒ ജി. ബാലമുരളി, എടത്വ ഡിപ്പോയിലെ കണ്ടക്ടര്‍ ഷഫീക് ഇബ്രാഹിം, കെഎഎസ്ആര്‍ടിസി ബ്ലോഗ് അംഗം ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെയോടെ കെ.സി. വേണുഗോപാല്‍ എംപിക്ക് അപേക്ഷ നല്‍കി. ആലപ്പുഴക്കാരന്‍ കൂടിയായ കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോയുടെ പിന്തുണയുമായതോടെ വൈകുന്നേരം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പദ്ധതിയില്‍പ്പെടുത്തി പ്രത്യേക സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്കു നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ബസിലേക്കു കുടിവെള്ളം കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍മാരായ ടി. മധു, ഗിരീഷ്, കണ്ടക്ടര്‍ ടി.എ. ജോയി എന്നിവരാണു ഷഫീക്കിനും ജയകൃഷ്ണനുമൊപ്പം ചെന്നൈ സര്‍വീസിലുള്ളത്. ഒരു പകല്‍കൊണ്ടു പരമാവധി കുടിവെള്ളവും ഭക്ഷണവും മരുന്നുകളും സമാഹരിക്കാനായിരുന്നു ജീവനക്കാരുടെ ശ്രമം. ജീവകാരുണ്യ, ലഹരിവിരുദ്ധ, സമൂഹമാധ്യമ കൂട്ടായ്മകള്‍ വഴിയും തൊഴിലാളി യൂണിയനുകളുടെ സഹകരണത്തോടെയും പരമാവധി സാധനങ്ങള്‍ വൈകുന്നേരത്തോടെ ശേഖരിക്കുകയായിരുന്നു.

ബസ് കടന്നുപോവുന്ന വഴിയിലെ തുറവൂര്‍, എറണാകുളം, ചാലക്കുടി, പാലക്കാട് തുടങ്ങിയ സ്റ്റാന്‍ഡുകളിലെല്ലാം കെഎസ്ആര്‍ടിസി ബ്ലോഗ് അംഗങ്ങളും ജീവനക്കാരും കുടിവെള്ളവും മരുന്നും ഭക്ഷണവുമൊക്കെ ശേഖരിച്ച് എത്തിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ആലപ്പുഴ സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന മുല്ലയ്ക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷണനും പ്രദേശവാസികളുമൊക്കെ കുടിവെള്ളവും ഭക്ഷണപ്പൊതികളുമായി വൈകുന്നേരത്തോടെ സ്റ്റാന്‍ഡിലെത്തി.