ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ ഇനി മലയാളത്തിലും എഴുതാം

single-img
28 November 2015

dubaiദുബായിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള എഴുത്ത് പരീക്ഷ ഇനി മലയാളത്തിലും എഴുതാൻ തീരുമാനമായി. ഏഴു പുതിയ ഭാഷകളിൽ എഴുത്ത് പരിക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കിയതായി ദുബായി റോഡ് അൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ശ്രേഷ്ഠ ഭാഷാ പദവിയിലുള്ള മലയാളത്തിന് ദുബായ് ഭരണകൂടം നൽകുന്ന ആദരവ് കൂടിയാണിത്.

മലയാളത്തിനുപുറമെ തമിഴ്, ഹിന്ദി, ബംഗാളി, റഷ്യൻ ചൈനീസ്, പേർഷ്യൻ ഭാഷകളും എഴുത്തുപരീക്ഷയ്ക്കായി അനുവദിച്ചിട്ടുണ്ട്. വിദേശീയരായ ആളുകളുടെ സാന്നിദ്ധ്യം ദുബായിയിൽ ഏറെയുള്ളതിനാലാണ് അറബി ഇതര ഭാഷകളിൽ കൂടി പരീക്ഷ നടത്താൻ അധികൃതർ തയാറായിരിക്കുന്നത്.  ഡ്രൈവിംഗ് നിയമങ്ങളും ട്രാഫിക് രീതികളും മറ്റും എളുപ്പത്തിൽ മനസിലാക്കാൻ ഇതുവഴി സാധിക്കും. കൂടാതെ മാതൃഭാഷയിൽ പരീക്ഷ എഴുതുമ്പോൾ പരീക്ഷാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും.

എമിറേറ്റ്‌സ് ഐഡന്റിറ്റി വെബ്‌സൈറ്റിൽ മലയാളം ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ എഴുത്തു പരീക്ഷയ്ക്കും മലയാളത്തിനെ പരിഗണിച്ചിരിക്കുന്നത്. അതേസമയം ദുബായിയിൽ അടുത്തക്കാലത്തായി വാഹനാപകടങ്ങൾ വർദ്ധിച്ചുവരികയാണ്. അത് കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തിന്റെ ഭാഗമായി അധികൃതർ ബോധവത്ക്കരണ പരിപാടികളും മറ്റും ആലോചിക്കുന്നുണ്ട്.