ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 2000 രൂപ നിക്ഷേപിച്ച് സര്‍ക്കാര്‍

single-img
18 November 2015

indiginous-people-040

ജാര്‍ഖണ്ഡില്‍ ‘മുഖ്യമന്ത്രി വിദ്യാ ലക്ഷ്മി യോജനാ പദ്ധതി’ക്കു തുടക്കമായി. പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പേരില്‍ ഇതനുസരിച്ചു സര്‍ക്കാര്‍ രണ്ടായിരം രൂപയുടെ സ്ഥിരനിക്ഷേപം നടത്തും. ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നു വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനായാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ രണ്ടായിരം രൂപ ഓരോ വര്‍ഷവും ഇവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുക. ഒന്‍പതാം ക്ലാസില്‍ എത്തിയാല്‍ മാത്രമേ നിക്ഷേപം പിന്‍വലിക്കാനാവു. വിദ്യാഭ്യാസം തുടരുന്നിടത്തോളം കാലം സര്‍ക്കാര്‍ രണ്ടായിരം രൂപ വീതം വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതുവഴി ഇടയ്ക്ക് പഠിത്തം നിര്‍ത്തി പോകുന്നവരുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്നു കൊഴിഞ്ഞുപോവുന്നത് ജാര്‍ഖണ്ഡിലാണ്. പ്രതിവര്‍ഷം 24% വിദ്യാര്‍ഥികളും ഇടയ്ക്കുവച്ച് പഠിത്തം നിര്‍ത്തി പോവുന്നതായാണ് കണക്ക്. ജാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണ ദിനമായ ഇന്നലെ പദ്ധതിക്ക് തുടക്കം കുറിച്ചു.